ദമാം - കിംഗ് ഫഹദ് കോസ്‌വേ വഴി ബാലനെ ബഹ്‌റൈനിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മാതാപിതാക്കളെ കോസ്‌വേ ജവാസാത്ത് പിടികൂടി. മകന് പാസ്‌പോര്‍ട്ടില്ലാത്തതിനാലാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതെന്ന് ഇരുവരും പറഞ്ഞു.
ബഹ്‌റൈനിലേക്ക് നുഴുഞ്ഞുകയറുന്നതിന് ശ്രമിച്ച രണ്ടു യുവാക്കളും കഴിഞ്ഞ ദിവസം ജവാസാത്തിന്റെ പിടിയിലായി. ജവാസാത്ത് കൗണ്ടറുകള്‍ക്കു സമീപത്തു കൂടി ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടാതെ കാല്‍നടയായി പോകാന്‍ ശ്രമിച്ചവരാണ് കുടുങ്ങിയത്. കാര്‍ ഡ്രൈവറായ കൂട്ടുകാരന ഏര്‍പ്പെടുത്തിയാണ് ഇവര്‍ ബഹ്‌റൈനിലേക്ക് നുഴഞ്ഞുകയറുന്നതിന് പദ്ധതിയിട്ടത്. തിരക്കുള്ള സമയത്ത് കോസ്‌വേ ചെക്ക്‌പോസ്റ്റിലെത്തിയ സംഘത്തിലെ രണ്ടു പേര്‍, ഡ്രൈവര്‍ കാറുമായി ജവാസാത്ത് കൗണ്ടറിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് ഇറങ്ങി കാല്‍നടയായി കൗണ്ടര്‍ ഏരിയ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ച സി.സി.ടി.വിയാണ് ഇവരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന് സഹായിച്ചത്.
മധ്യവര്‍ഷാവധിക്കാലത്ത് പത്തു ദിവസത്തിനിടെ കിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വെച്ച് 218 നിയമ ലംഘകരെ ജവാസാത്ത് പിടികൂടി. കിംഗ് ഫഹദ് കോസ്‌വേയില്‍ വിദേശയാത്രാ വിലക്കുള്ള 42 പേരും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള 17 പേരം ക്രിമിനല്‍ കേസ് പ്രതികളായ 11 പേരും ആള്‍മാറാട്ടം നടത്തിയ ഒരാളും പിടിയിലായി. അല്‍ഖഫ്ജി അതിര്‍ത്തി പോസ്റ്റില്‍ വിദേശയാത്രാ വിലക്കുള്ള ആറു പേരും പ്രവേശന വിലക്കുള്ള മൂന്നു പേരും അഞ്ചു പ്രതികളുമാണ് പിടിയിലായത്.
കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ വിദേശയാത്രാ വിലക്കുള്ള നാലു പേരും പ്രവേശന വിലക്കുള്ള ഏഴു പേരും എട്ടു പ്രതികളും ആള്‍മാറാട്ടം നടത്തിയ ഒരാളും അറസ്റ്റിലായി. ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വിദേശയാത്രാ വിലക്കുള്ള ഒമ്പതു പേരും പ്രവേശന വിലക്കുള്ള ഒരാളും രണ്ടു പ്രതികളും ആള്‍മാറാട്ടം നടത്തിയ ഒരാളും അല്‍റുഖ്ഇ അതിര്‍ത്തി പോസ്റ്റില്‍ യാത്രാ വിലക്കുള്ള രണ്ടു പേരും പ്രവേശന വിലക്കുള്ള രണ്ടു പേരും ഒരു പ്രതിയും അല്‍ഹസ എയര്‍പോര്‍ട്ടില്‍ പ്രവേശന വിലക്കുള്ള ഒരാളും വിദേശയാത്രാ വിലക്കുള്ള ഒരാളുമാണ് പത്തു ദിവസത്തിനിടെ പിടിയിലായതെന്ന് ജവാസാത്ത് വൃത്തങ്ങള്‍ പറഞ്ഞു.