ദമാം- മാപ്പിള വിപ്ലവ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത ഒരു ഏടാണെന്നും ഈ ചരിത്രം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവർത്തിയായി അവശേഷിക്കുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി ദമാം ഘടകം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാപ്പിള വിപ്ലവവും വാരിയം കുന്നനും: മായ്ച്ചു കളയാനാവില്ല പോരാട്ട വീര്യത്തെ' എന്ന വിഷയത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്. സംഘ് പരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള ധീര രക്തസാക്ഷികളെ നീക്കം ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയും അക്രമവുമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ 'പ്രവാസി' മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ശാഫി ചാവക്കാട് (പി.സി.എഫ്), ഹമീദ് വടകര (കെ.എം.സി.സി), അബ്ദുറഹീം വടകര (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു. അലി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിൻ ആറ്റശ്ശേരി, ഉബൈദ് വളാഞ്ചേരി, അമീൻ ചൂനൂർ, അർഷദ് വാണിയമ്പലം, അൻവർ ഹുസൈൻ, നാസർ ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.