അബഹ - പ്രദർശനത്തിന് ഉപയോഗിക്കുന്ന മൂർഖൻ പാമ്പിന്റെ കടിയേറ്റ് സുഡാനി യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലൂടെയുള്ള ലൈവ് പ്രദർശനത്തിനിടെ നിരവധി പേർ കാൺകെയാണ് പാമ്പ് യുവാവിനെ കടിച്ചത്. അസീർ പ്രവിശ്യയിലെ പാർക്കുകളിൽ പതിനൊന്നു വർഷമായി പാമ്പ് പ്രദർശനം നടത്തിവരുന്ന മുപ്പതുകാരനാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പതിനൊന്നു വർഷമായി വളർത്തുകയും പ്രദർശനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന അതേ പാമ്പു തന്നെയാണ് യുവാവിന്റെ ജീവനെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം കാണികൾക്കു മുന്നിൽ പാമ്പ് പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു അപകടം. പ്രദർശനം പൂർത്തിയാക്കി മുറിയിൽ തിരിച്ചെത്തിയ ശേഷം മൊബൈൽ ഫോണിലൂടെ സാമൂഹികമാധ്യമങ്ങളിലെ ഫോളോവേഴ്‌സിനു മുന്നിൽ വെച്ച് മൂർഖൻ പാമ്പിനെ കളിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പ് യുവാവിനെ കൊത്തിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഉടൻ തന്നെ യുവാവ് ഒരുമിച്ച് താമസിക്കുന്ന സുഹൃത്തുക്കളുടെ സഹായം തേടുകയും ഇവർ യുവാവിനെ അസീർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും ജീവൻ രക്ഷിക്കാൻ കഴിയാത്ത വിധം ശരീരത്തിലാകെ വിഷം പരന്നിരുന്നു. ആശുപത്രിയിൽ വെച്ചാണ് യുവാവ് അന്ത്യശ്വാസംവലിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ പൂർത്തിയാക്കുന്നതു വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.