Sorry, you need to enable JavaScript to visit this website.

ഇ.ഡിക്ക് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി കൊടുത്തത് സ്വയം സന്നദ്ധനായല്ല, പൂരം കാണാനിരിക്കുന്നേയുള്ളൂവെന്ന് ജലീൽ

മലപ്പുറം- മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും ലീഗിലെ ചിലർക്കുമെതിരെ മൊഴി കൊടുക്കാൻ കാരണം ഇ.ഡി സമൻസ് അയച്ചതുകൊണ്ടാണെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. എ.ആർ നഗറിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ജലീൽ അറിയിച്ചു. 

ജലീലിന്റെ കുറിപ്പ്:

ഒരു സ്വകാര്യ വാർത്താ ചാനൽ, ഞാൻ സ്വയം സന്നദ്ധനായി ചെന്ന് ഇ.ഡിക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ഇ.ഡി പറഞ്ഞതാകാൻ ഒരിക്കലും തരമില്ല. ഇ.ഡി എനിക്കയച്ച സമൻസ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നു. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകൻ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ പേരിൽ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾപ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും  കഴിയുന്നിടത്തോളം ഹാജരാക്കാൻ മൊഴിയെടുപ്പിനൊടുവിൽ  ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. എന്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നൽകാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോൾ .
എ.ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇ.ഡി യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി ഇന്നലെയാണ് കയ്യിൽ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങൾ അപ്പോൾ പറയാം. 
മച്ചാനേ, എ.ആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ. 
ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകും
 

Latest News