കൊച്ചി- വാക്‌സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ ഇളവു നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇളവ് നല്‍കണമെന്ന് കിറ്റക്‌സ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. രാജ്യത്തിനകത്ത് ആ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക. രാജ്യത്തിനകത്തുള്ള തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ യാതൊരു ഇളവും നല്‍കാന്‍ കഴിയില്ല.
സ്വന്തം പോക്കറ്റില്‍നിന്ന് പണം മുടക്കി വാക്‌സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം നല്‍കിക്കൂടെ എന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരായുകയായിരുന്നു.