കോഴിക്കോട്- ആഷിഖ് അബുവും പൃഥിരാജും പിൻവാങ്ങിയാലും വാരിയംകുന്നത്ത് സിനിമയുമായി മുന്നോട്ടുപോകുമെന്ന് സിനിമാ നിർമാതാക്കളായ കോമ്പസ് മൂവിസ്. ഏറ്റവും മികച്ച കലാമൂല്യത്തോടെ തന്നെ ആഗോള സിനിമ ലോകത്തേക്ക് വാരിയംകുന്നത്തിന്റെ ജീവിതം പറയുന്ന സിനിമ എത്തിക്കാനുള്ള പ്രവർത്തനത്തിലാണെന്നും നിർമാതാക്കളായ കോമ്പസ് മൂവീസ് എം.ഡി സിക്കന്തർ അറിയിച്ചു. കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്രമായി അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ ഉത്തരവാദിത്വം പോലെ തന്നെ പ്രസക്തമാണ് ഇതിന്റെ ചലച്ചിത്രബോധവും. അർഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയെും ഈ സിനിമ സാക്ഷാത്കരിക്കപ്പെടണം എന്ന നിഷ്‌കർഷയുണ്ട്.
ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യൻമാരുമായും ചലച്ചിത്ര താരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളിൽ ധാരണയായിട്ടുണ്ട്. അതേതുടർന്നാണ് 2020 ജൂണിൽ പ്രൊജക്ട് പ്രഖ്യാപിച്ചത്. എന്നാൽ ചില ദൗർഭാഗ്യകരമായ സഹചര്യങ്ങളാൽ ഈ പ്രൊജക്ടിൽനിന്ന് ആഷിഖ് അബുവും പൃഥിരാജും മാറിനിന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. വാരിയംകുന്നത്തിനെ സംബന്ധിച്ചുള്ള സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കും. വാരിയംകുന്നത്തിന്റെയും മലബാർ വിപ്ലവത്തിന്റെയും ചരിത്രം രണ്ടുഭാഗങ്ങളായി പുറത്തിറക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമാണെന്നും സിനിമയുടെ അണിയറപ്രവർത്തകരെയും നടീനടൻമാരെയും കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തർ അറിയിച്ചു.