പറവൂർ- പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശേരിൽ ഉണ്ണിക്കൃഷ്ണന്റെയും മിനിയുടെയും മകൻ പപ്പൻ എന്നു വിളിക്കുന്ന മിഥുൻ കൃഷ്ണ (28) ആണ് മരിച്ചത്. വെടിമറ ശ്മശാനത്തിനു സമീപം പെരിയാറിന്റെ കൈവഴിയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. വെടിമറ ഭാഗത്തു നിന്നും ഓടിവന്ന മിഥുൻ പല വീടുകളുടൈ പറമ്പിലൂടെയെത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. സമീപത്തെ വീട്ടുകാരോട് ഇടി പുറകെ വരുന്നുണ്ടെന്ന് പറഞ്ഞ ശേഷമാണ് പുഴയിലേക്ക് ചാടിയിത്. പുഴയുടെ മുക്കാൽ ഭാഗം വരെ നീന്തിയെങ്കിലും ഇടക്കുവെച്ച് മുങ്ങിപ്പോയി. കാടുപിടിച്ച തീരമായതിനാൽ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് സമീപവാസികൾ ആദ്യം കരുതി. പുഴയിൽ ആരോ മൂങ്ങിപോയിട്ടുണ്ടെന്ന് വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചിൽ നടത്തി. സ്‌കൂബ ടീം മൂന്നു മണിക്കൂറോളം തിരിച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം ലഭിച്ചത്. മിഥുനെ ആരോ ആക്രമിക്കൻ പിന്തുടർന്നതായാണ് സംശയം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മിഥുന്റെ സുഹൃത്തുകളെ ചുറ്റിപ്പറ്റി പറവൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മിഥുൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ഗ്രീഷ്മ. സഹോദരങ്ങൾ: നിഥിൻ, ജിബിൻ.