Sorry, you need to enable JavaScript to visit this website.

ഉഴവൂർ പഞ്ചായത്തിലും ഇനി സാർ മാഡം വിളിയില്ല

കോട്ടയം- കോട്ടയത്തെ ഉഴവൂർ ഗ്രാമ പഞ്ചായത്തിലും ഇനി സാർ മാഡം വിളിയില്ല. പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമ പഞ്ചായത്തിനു പിന്നാലെയാണ് ഇത്തരത്തിലുള്ള തീരുമാനം കോട്ടയത്തും എടുത്തത്. മാത്തൂർ പഞ്ചായത്തിലെത്തുന്നവർ ജീവനക്കാരെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ഇങ്ങനെ വിളിക്കുന്നത് വിലക്കി. കൂടാതെ അപേക്ഷയിലെ അഭ്യർഥനയും ഒഴിവാക്കി. ഈ തീരുമാനം വന്നതിനു പിന്നാലെയാണ് ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി ഇത്തരത്തിൽ തീരുമാനിച്ചത്.
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ജോണീസ് അറിയിച്ചു. സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും, ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലൽക്കുന്നതു ഭൂഷണമല്ല എന്നു യോഗം വിലയിരുത്തി. ജനങ്ങളാണ് ജനാധ്യപത്യത്തിൽ അധികാരികൾ എന്ന ബോധ്യം മികവുറ്റ പ്രവർത്തനത്തിലൂടെ പഞ്ചായത് നൽകുന്നുണ്ട്. എങ്കിലും എല്ലാ അർഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങൾക്കു നൽകാൻ ഈ തീരുമാനം പ്രചോദനം ആകുമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തിൽ വരുവാനും അർഹമായ സേവനങ്ങൾ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണം. പ്രസിഡന്റ് ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെമ്പർമാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക പേര് വിളിക്കാവുന്നതാണ്.
അറുപതു വയസ്സുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ വേണമെന്ന് ആവശ്യമുയർത്തിയ വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ സ്ഥാനാർഥിയായി മത്സരിച്ച ജോണിസ് പി. സ്റ്റീഫൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴായിരുന്നു ജോണീസ് വിജയിച്ചത്. 

Latest News