കണ്ണൂർ- കോൺഗ്രസിലെ മുഴുവൻ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുമെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കണ്ണൂരിൽ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശനങ്ങൾക്ക് സ്വയം ലക്ഷ്മണരേഖ വേണം. എല്ലാവരുടേയും അഭിപ്രായങ്ങൾ കെ. സുധാകരൻ വിശ്വാസത്തിലെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുന്നതാണ് കോൺഗ്രസ് ശൈലി. തനിക്ക് ഒരു പ്രത്യേക ഗ്രൂപ്പെന്നത് ഭാവനാസൃഷ്ടിയാണ്. കോൺഗ്രസാണ് തന്റെ ഗ്രൂപ്പ്. ജനാധിപത്യശൈലിയുളള എതിരഭിപായങ്ങൾ സ്വീകരിക്കും. ഉമ്മൻ ചാണ്ടിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ സംഘടനാ രംഗത്ത് മാറ്റം വരുത്തണമെന്നും അച്ചടക്കമില്ലാത്ത പാർട്ടിക്ക് നിലനിൽപ്പില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂർ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്.