കൊച്ചി- ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ റേസര്‍ ബ്ലേഡിന്റെ ഭാഗം ഡോക്ടര്‍മാര്‍ വിദഗ്ധമായി പുറത്തെടുത്തു. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ ബ്ലേഡ് പുറത്തെടുത്തത്. വയറുവേദന, ഛര്‍ദി എന്നിവയോടെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. എക്‌സ്‌റേ പരിശോധനയില്‍ കുഞ്ഞിന്റെ ശ്വാസനാളത്തിന്റെ ആദ്യഭാഗത്ത് ബ്ലേഡിന്റെ സാന്നിധ്യം കണ്ടെത്തി. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. കോരുത് വി സാമുവേല്‍, അനസ്‌തേഷ്യ വിബാഗത്തിലെ ഡോ. സ്‌കറിയ ബേബി, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. എം ജി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് പുറത്തെടുത്തത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.