മക്ക- മക്ക കെ.എം.സി.സിയുടെ ബൈത്തുറഹ്മ കൈമാറി. താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജീവിതത്തിന്റെ പ്രയാസം നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിച്ച് സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃക ലോകത്തിന് സമർപ്പിച്ചവരാണ് കെ.എം.സി.സി പ്രവർകരെന്നും, സംശുദ്ധ രാഷ്ട്രീയവും സമർപ്പിത സേവനവും ജീവിത ചര്യയാക്കിയ പ്രവാസികളുടെ സൻമനസ്സിനെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൂക്കോട്ടൂർ അറവങ്കരയിൽ മക്ക കെ.എം.സി.സി ജൻമനാ ചലനശേഷി ഇല്ലാത്ത ഭിന്നശേഷിയ്ക്കാരൻ പൊറ്റമ്മൽ അൻഷിദിന് നിർമിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 വയസ്സ് പൂർത്തിയായ ജൻമനാ ചലനശേഷിയും, പ്രതികരണ ശേഷിയുമില്ലാത്ത ജീവിതം ട്രോളി സ്‌ട്രെക്ചറിൽ തള്ളി നീക്കുന്ന അൻഷിദിന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നമാണ് മക്ക കെ.എം.സി.സിയി ലൂടെ പൂവണിഞ്ഞത്. അൻഷിദിനെ പരിപാലിക്കാൻ പാകത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പണിതത്. ചടങ്ങിൽ മക്ക കെ.എം.സി.സി ജന. സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. പി ഉബൈദുല്ല എം.എൽ.എ, സയ്യിദ് മാനു തങ്ങൾ വെള്ളൂർ, അബ്ദുസമദ് പൂക്കോട്ടൂർ, കെ.പി മുഹമ്മദ്കുട്ടി, ഖാദർ ചെങ്കള, അഡ്വ.അബ്ദു റഹ്മാൻ കാരാട്ട്, കെ.ഇസ്മായിൽ മാസ്റ്റർ, പി.എ സലാം, കെ.മൻസൂർ എന്ന കുഞ്ഞിപ്പു, സി.ടി നൗഷാദ്, കെ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, ഹുസൈൻ ഉള്ളാട്ട്, എൻ.എം ഉബൈദ്, കുഞ്ഞിമാൻ മൈലാടി, എം.എം മുസ്തഫ, മക്ക കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ മുഞ്ഞക്കുളം, മുഹമ്മദ് മൗലവി, മുഹമ്മദ് ഷാ മുക്കം തുടങ്ങിയവർ സംസാരിച്ചു.