റിയാദ്- പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി മെമ്മോറാണ്ടം സമർപ്പിച്ചു. എംബസിയുടെ കഴിഞ്ഞകാലത്തെ പ്രവാസി വിഷയങ്ങളിലെ ഇടപെടലുകളെ അഭിനന്ദിക്കുന്നതായും ഇതോടൊപ്പം നിലവിലുള്ള യാത്ര പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി ആവശ്യപ്പെട്ടു. നിലവിൽ അനുവദിക്കപ്പെട്ട യാത്ര ഇളവുകൾ ഉപയോഗപ്പെടുത്താനാവാതെ ഇന്ത്യയിലുള്ള പ്രവാസികളെ കൂടി നേരിട്ട് തിരിച്ചെത്തിക്കാൻ വേണ്ട സത്വര നടപടിയാണ് ഇപ്പോൾ ഉണ്ടാകേണ്ടത്. ഇന്ത്യയിൽ നിർമിച്ച വാക്‌സിൻ നേരത്തെ തന്നെ സൗദി അറേബ്യ വാങ്ങിക്കുകയും പൗരൻമാർക്ക് വിതരണം ചെയ്തതുമാണ്. ഇതേ വാക്‌സിൻ രണ്ട് ഡോസ് വീതമെടുത്ത ഇന്ത്യയിലെ പ്രവാസികൾക്ക് കൂടി ഇളവ് അനുവദിക്കപ്പെടാൻ ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇത് ഏറെ കാലമായി ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ തിരിച്ചുവരുന്ന പ്രവാസികൾക്ക് വലിയ സഹായകരമാകുമെന്നും പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്, ജനറൽ സെക്രട്ടറി ഖലീൽ പാലോട് എന്നിവർ ആവശ്യപ്പെട്ടു.