Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ നാല് ഡ്രോണുകള്‍ യെമന്‍ ആകാശത്ത് സൗദി സഖ്യസേന തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട നാല് ഡ്രോണുകള്‍ സഖ്യസേന വെടിവെച്ചിട്ടു. ഇന്ന് വ്യത്യസ്ത സമയങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഹൂത്തികള്‍ തൊടുത്തുവിട്ടത്. ഡ്രോണുകള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി യെമന്‍ വ്യോമമേഖലയില്‍ വെച്ചു തന്നെ സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.
ഏഴു വര്‍ഷത്തിനിടെ അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പതിനാലു തവണ ഹൂത്തികള്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. 2016 ഫെബ്രുവരി 14 ന് ഖാഹിര്‍-1 ഇനത്തില്‍ പെട്ട ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് അബഹ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈല്‍ തകര്‍ക്കുകയായിരുന്നു. 2018 ഏപ്രില്‍ 11 ന് എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. 2018 മെയ് 26 ന് പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തി. 2019 ജൂണ്‍ 12 എയര്‍പോര്‍ട്ടിലെ ആഗമന ടെര്‍മിനലില്‍ ഷെല്‍ പതിച്ച് 26 സാധാരണക്കാര്‍ക്ക് പരിക്കുകള്‍ സംഭവിക്കുകയും ടെര്‍മിനലില്‍ കേടുപാടുകളുണ്ടാവുകയും ചെയ്തിരുന്നു.
2019 ജൂണ്‍ 23 ന് വിമാനത്താവളത്തിനു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ജൂലൈ രണ്ടിന് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ അടക്കം ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. 2019 ഓഗസ്റ്റ് 28 എയര്‍പോര്‍ട്ടിനു നേരെ ഷെല്ലാക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
2020 ഓഗസ്റ്റ് 30 ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് എയര്‍പോര്‍ട്ടില്‍ ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം ഡ്രോണ്‍ തകര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരി പത്തിനും അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ഫെബ്രുവരി 13 ന് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി സൈന്യം വെടിവെച്ചിട്ടു. ഫെബ്രുവരി 16 നും അബഹ വിമാനത്താവളത്തില്‍ ഹൂത്തികള്‍ വിഫലമായ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു. മെയ് പത്തിന് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി സൈന്യം വെടിവെച്ചിടുകയും തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ ചിതറിത്തെറിച്ച് ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഓഗസ്റ്റ് 31 ന് എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി സൈന്യം വെടിവെച്ചിടുകയും തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ വിമാനത്താവളത്തില്‍ ചിതറി തെറിക്കുകയും ചെയ്തു. ഇതേ ദിവസം രണ്ടാമത് ഒരു ഡ്രോണ്‍ കൂടി ഉപയോഗിച്ച് അബഹ എയര്‍പോര്‍ട്ടില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചു. സഖ്യസേന വെടിവെച്ചിട്ട ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

 

Latest News