കുറ്റിപ്പുറം-ഗള്‍ഫില്‍നിന്ന് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ കുറ്റിപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി. കുറ്റിപ്പുറം അത്താണി കോരാത്ത് താഴത്തേതില്‍ മുഹമ്മദാലി (56) യെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെയും കൂട്ടാളികളുടെയും 14.5 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം ഏതാനും മാസം മുമ്പ് കൊച്ചിയില്‍ പിടികൂടിയിരുന്നു. ഗള്‍ഫില്‍നിന്നു അയക്കുന്ന കാര്‍ഗോ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്.
തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇവരുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയില്‍ മുമ്പും കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകള്‍ കണ്‍െത്തിയിരുന്നു. കോഫെപോസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇവരെ കള്ളക്കടത്ത് നടത്തുന്നതില്‍നിന്നു തടയാനായി കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് കുറ്റിപ്പുറം പോലീസിന് നിര്‍ദേശം നല്‍കി.
ഇന്നലെ കസ്റ്റഡിയിലെടുത്ത മുഹമ്മദാലിയെ കുറ്റിപ്പുറം പോലീസ് തിരുവനന്തപുരം ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. നിരന്തരമായി കള്ളക്കടത്തിലേര്‍പ്പെടുകയും വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്നതാണ് കോഫെപോസ. ഇതനുസരിച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ക്കാകും. ഇയാളുടെ ബന്ധുക്കളും കൂട്ടാളികളുമായ രണ്‍ണ്ടുപേരെയും കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നു പിടികൂടി കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഒരു വര്‍ഷമാണ് ഇവിടെ തടവില്‍ പാര്‍പ്പിക്കുക.