Sorry, you need to enable JavaScript to visit this website.

പി.ടി. ചാക്കോയെയും കെ.എം. മാണിയെയും ചതിച്ചവർ സ്വന്തം പാർട്ടിയിൽ നാണംകെട്ടുവെന്ന് ജോസ് കെ. മാണി

കോട്ടയം- കോൺഗ്രസിലെ സംഭവവികാസങ്ങളിൽ പരസ്യപ്രതികരണവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പി.ടി. ചാക്കോയെയും കെ.എം. മാണിയെയും ചതിച്ചവരും അതിനു കൂട്ടു നിന്നവരും പാർട്ടിയിൽ നാണം കെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു. ബാർക്കോഴ ആരോപണം മുതൽ അത് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കരുനീക്കമാണെന്ന് ജോസ് കെ. മാണി ആരോപിച്ചു. പി.ടി. ചാക്കോയെയും കെ.എം. മാണിയെയും ചതിച്ചവരും അതിന് കൂട്ടുനിന്നവരും സ്വന്തം പാർട്ടിയിൽ നാണം കെടുന്നതും വലിയ വില നൽകുന്നതും കേരളം കണ്ടു കഴിഞ്ഞു. ചരിത്രം പകരം വീട്ടുകയാണെന്നും കോൺഗ്രസിൽ അത് തുടങ്ങിയിട്ടേയുള്ളൂ ഇനിയും തുടർന്നു കൊണ്ടേയിരിക്കും. 1964 ആവർത്തിക്കുകയാണ്. വിതച്ചത് തന്നെയാണ് അവർ കൊയ്യുന്നത്.
മുൻ നേതാക്കൾക്ക് ഹൈക്കമാന്റിന്റെ എഫ്.ഐ.ആർ ഉം കെ. സുധാകരന്റെ ക്വിക്ക് വെരിഫിക്കേഷനും വന്നിരിക്കുന്നത് ബോധ്യപ്പെടുന്നുവെങ്കിൽ ഇനിയും കൂടുതൽ പരിഹാസ്യരാവാതിരിക്കുവാൻ നോക്കുന്നതാണ്് നല്ലത്്. യു.ഡി.എഫ് അണികൾ കേരള കോൺഗ്രസ് എംലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് മാന്യമായ ഇരിപ്പിടം നൽകിയാണ് സ്വീകരിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു. പാലായിൽ കേരള കോൺഗ്രസ് (എം) പോഷക സംഘടനകളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണിക്കു പിന്നാലെ സർക്കാർ ചീഫ് വിപ്പ്് ഡോ. എൻ. ജയരാജും കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ചു.
യു.ഡി.എഫിന്റെ നട്ടെല്ലായിരുന്ന, കേരള കോൺഗ്രസ് (എം) നെ വെറും സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി അച്ചടക്കത്തിന്റെ പേര് പറഞ്ഞ് മുന്നണിയിൽനിന്നും പുറത്താക്കിയ കക്ഷികൾ ഇന്ന് അച്ചടക്കത്തോടെ സ്വന്തം പാർട്ടിയുടെ ജില്ലാ ഭാരവാഹികളെ പോലും പ്രഖ്യാപിക്കുവാൻ കഴിയാതെ സമൂഹമധ്യത്തിൽ പരിഹാസ്യരായി തീർന്നിരിക്കുന്നുവെന്ന് ഡോക്ടർ എൻ. ജയരാജ് പറഞ്ഞു. കെ.എം. മാണിയുടെ പെട്ടെന്നുള്ള വിയോഗത്താൽ ഉണ്ടായ വിടവ് മുതലെടുത്തുകൊണ്ട് കേരള കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാൻ ചിലർ കരുതിക്കൂട്ടി നടത്തിയ പ്രവർത്തനങ്ങളുടെ അനന്തര ഫലങ്ങളാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് വി.എസ്. അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടിയുടെ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടിയിൽനിന്നും കൂടുതൽ  പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേരുവാനായി കടന്നു വരികയാണെന്ന് അഡ്വ. കുര്യൻ ജോയി പറഞ്ഞു. കേരള കോൺഗ്രസ് എം പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പാർട്ടിയുടെ പോഷക സംഘടനകൾ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കണമെന്നും ആയതിലേക്ക് വനിത കോൺഗ്രസ് (എം), യൂത്ത് ഫ്രണ്ട് (എം), പ്രൊഫഷനൽ ഫ്രണ്ട്, സാംസ്‌കാരിക വേദി, കെ.എസ്.സി, കെ.ടി.യു.സി, ദളിത് ഫ്രണ്ട്, പ്രവാസി കേരള കോൺഗ്രസ് (എം) തുടങ്ങിയ പോഷക സംഘടനകൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിബിൻ കെ. ജോസ് പറഞ്ഞു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങൾക്ക് ഡോ. എൻ. ജയരാജ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
 

Latest News