തിരുവനന്തപുരം- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കാനുള്ള പ്രൊജക്ടിൽനിന്ന് ആഷിഖ് അബുവും നടൻ പൃഥിരാജും പിൻവാങ്ങി. നിർമാതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പിൻമാറ്റമെന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂണിലാണ് ആഷിഖ് അബുവും പൃഥിരാജും വാരിയംകുന്നത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമ എടുക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഒന്നര വർഷത്തിന് ശേഷം ഇരുവരും സിനിമയിൽനിന്ന് പിൻവാങ്ങുകയായിരുന്നു. അതേസമയം, സംവിധായകൻ മുഹ്‌സിൻ പെരാരി വാരിയംകുന്നത്ത് പ്രൊജക്ടുമായി മുന്നോട്ടുപോകും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
നേരത്തെ വാരിയകുന്നത്ത് സിനിമ പ്രഖ്യാപിച്ച ശേഷം ആഷിഖ് അബുവിനും പൃഥിരാജിനും നേരെ സംഘ്പരിവാർ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ച ശേഷം അലി അക്ബർ, പി.ടി കുഞ്ഞുമുഹമ്മദ് എന്നിവർ വാരിയംകുന്നത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു.