ഈരാറ്റുപേട്ട - നഗരസഭയിൽ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ എൽ.ഡി.എഫിന്റെ അവിശ്വാസ നോട്ടീസ്. കഴിഞ്ഞ ടേമിൽ നിരന്തര അവിശ്വാസ പ്രമേയങ്ങളുമായി ഭരണ പ്രതിസന്ധി നേരിട്ട നഗരസഭയിലാണ് ഇത്തവണയും ഭരണ പ്രതിസന്ധിക്കിടയാക്കും വിധം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. നഗരസഭയിൽ ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
28 അംഗ കൗൺസിലിൽ രണ്ട് വെൽഫെയർ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ യു.ഡി.എഫിന് 14 പേരുടെ പിന്തുണയാണുള്ളത്. എൽ.ഡി.എഫിന് ഒമ്പതും എസ്.ഡി.പി.ഐക്ക് അഞ്ച് അംഗങ്ങളുമുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസം പാസാകുകയുള്ളൂ.
അതിനിടെ, എൽ.ഡി.എഫ് നേതൃത്വം എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയതായും പ്രചാരണം ഉണ്ട്. സി.പി.എമ്മിന്റെ എസ്.ഡി.പി.ഐയുമായുള്ള ചങ്ങാത്തം ഇതിനോടകം തന്നെ പ്രദേശത്ത് ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്.
കൊല്ലം നഗരകാര്യ റിജ്യനൽ ഡയറക്ടർ മുമ്പാകെയാണ് അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നത്. പത്തു പേർ ഒപ്പിട്ട നോട്ടീസിൽ കോൺഗ്രസിലെ ഒരു വനിതാ അംഗവും ഒപ്പിട്ടതായാണ് വിവരം. ഈ മാസം 14 നകം പ്രമേയം ചർച്ചക്കെടുക്കും.
മുസ്‌ലിം ലീഗിലെ സുഹ്‌റ അബ്ദുൽ ഖാദറാണ് ചെയർപേഴ്‌സൺ. നഗരസഭയിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുക്കുന്നതെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞു.
നഗരത്തിൽ വികസന പ്രവർത്തനങ്ങൾ നിലച്ചതായും ഭരണ സമിതി അംഗങ്ങൾ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുകയാണെന്ന് എൽ.ഡി.എഫും ആരോപിച്ചു.