കോഴിക്കോട് - എം. എൽ എ പി വി അൻവറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള കക്കാടം പൊയിലിലെ പാർക്കിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കാൻ കോഴിക്കോടി കലക്ടറുടെ ഉത്തരവ്.
കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി വി.രാജൻ നല്‍കിയ
റിട്ട് പെറ്റീഷനിൽ 2020 ഡിസംബർ 22 ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇത് പ്രകാരം
കേസിൽ മൂന്നാം എതിർ കക്ഷിയായ ജില്ലാ കലക്ടർ, ഹരജിക്കാരൻ സമർപ്പിച്ച അപേക്ഷ രണ്ട് മാസത്തിനകം പരിഗണിച്ച് ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്തി തീർപ്പു കൽപ്പിക്കാനായിരുന്നു കോടതി അന്ന് നിർദ്ദേശിച്ചത് .ഇതനുസരിച്ച് മേൽപറഞ്ഞ ഇരു വിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷം ഹരജിക്കാരന്റെ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാനായി വിദഗ്ദരെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു.
തുടർന്ന് ജില്ലാ ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ എന്നിവർ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. റിസോർട്ടിന് വേണ്ടി മൂന്ന് കോൺക്രീറ്റ് തടയണകൾ ഉൾപ്പടെ നാല് തടയണകൾ പണിതതായും ഇവ മഴക്കാലത്ത് സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പി.വി.ആർ നാച്വർ റിസോർട്ടിനു വേണ്ടി നിർമ്മിച്ച നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ചു നീക്കാൻ ഹരജിയിലെ എതിർ കക്ഷിക്ക് നിർദ്ദേശം നൽകി കലക്ടർ ഉത്തരവിടുകയായിരുന്നു.
അല്ലാത്ത പക്ഷം തടയണ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതും ചെലവാകുന്ന തുക ഉടമകളിൽ നിന്ന് ഈടാക്കേണ്ടതുമാണെന്നും കലക്ടർ ഉത്തരവിട്ടു.