ജിദ്ദ- കോവിഡ് കാരണം സൗദിയിലേക്ക് നേരിട്ട് വരാൻ സാധിക്കാത്ത രാജ്യങ്ങളിലുള്ളവരുടെ ഇഖാമ, റീ എൻട്രി എന്നിവ സെപ്തംബർ 30 വരെ നീട്ടിത്തുടങ്ങി. ഇത് സംബന്ധിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു. ഓഗസ്റ്റ് 31 വരെ ഇഖാമയും റീ എൻട്രിയും നീട്ടുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് മധ്യത്തോടെയാണ് നടപ്പായത്. അന്നു തന്നെ സെപ്തംബർ 30 വരെ ഇഖാമയും റീ എൻട്രിയും നീട്ടുമെന്നുള്ള പ്രഖ്യാപനവും ജവാസാത്ത് നടത്തിയിരുന്നു. ഇതാണ് ഇന്ന് മുതൽ നടപ്പിലായി തുടങ്ങിയത്. നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ഇന്ത്യയടക്കം സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഇത് പ്രയോജനം ചെയ്യുക.