കോഴിക്കോട്- നഗരത്തിലെ പ്രമുഖ ഡോക്ടര്‍ പി.പി വേണുഗോപാലിന്റെ പേരില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി വ്യാജ സന്ദേശം പ്രചരിക്കുന്നു. കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള സന്ദേശം വ്യാജമാണെന്നും ഇതിനെതിരെ സൈബര്‍ പോലീസില്‍ പരാതി നല്‍കിയതായും ഡോക്ടര്‍ അറിയിച്ചു. മൂന്നാം തരംഗത്തെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സന്ദേശം ഒരുകാരണവശാലും പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഡോ. പി.പി വേണുഗോപാല്‍ അഭ്യര്‍ഥിച്ചു.
‘ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗത്തിന്റെ തലവനും ഡയറക്ടറുമാണ് ഞാന്‍. എന്റെ പേരും സ്ഥാപനത്തിന്റെ പേരും വച്ചിട്ട് വളരെ വൈറല്‍ ആയിട്ട് വാട്ട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ ഒരു മെസേജ് കറങ്ങി നടക്കുന്നുണ്ട്. അത് വൈറല്‍ ആണെന്നു മാത്രമല്ല അതിവേഗമാണ് സ്പ്രെഡ് ചെയ്യുന്നതും. ഈ സന്ദേശത്തില്‍ പ്രധാനമായി പറയുന്നത് കോവിഡിന്റെ മൂന്നാം തരംഗവും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളുമാണ്. പക്ഷേ ഇതില്‍ പറയുന്ന കാര്യങ്ങളൊന്നുംതന്നെ ശാസ്ത്രീയമായി യാതൊരു അടിത്തറയുള്ളതല്ല എന്നു മാത്രമല്ല ഈ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ എന്റെയും സ്ഥാപനത്തിന്റെയും പേര് ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. മാത്രമല്ല ഇത് ഫെയ്ക്ക് ആണ്, വ്യാജവുമാണ്. ഈ ഒരു മെസേജ് നമ്മള്‍ വായിക്കുമ്പോള്‍, പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍ ഇന്നലെയൊക്കെ മുപ്പതിനായിരത്തിലധികം കേസുകള്‍ സ്‌പ്രെഡ് ചെയ്ത് ദിവസവുമുള്ള കണക്കില്‍ കയറി വരുമ്പോള്‍ ആളുകളുടെ ഇടയില്‍ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും ഉണ്ടാക്കാനല്ലാതെ ഇതുകൊണ്ട് യാതൊന്നും സാധിക്കില്ല.
മൂന്നാം തരംഗം തുടങ്ങിയോ എന്നു പോലും നമുക്കറിയില്ല. ഞാന്‍ ഒരുപാട് രോഗികളെ കാണുന്ന ഒരാളാണ്. രണ്ടാം തരംഗം തന്നെ തുടരുന്ന ഒരു ഫേസ് ആണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് മൂന്നാം തരംഗം ആണോ എന്ന് എനിക്കോ വിദഗ്ധര്‍ക്കോ ഒന്നും അറിയില്ല. മാത്രമല്ല ഈ മെസേജില്‍ പറയുന്ന പോലുള്ള വിഷയങ്ങള്‍, അതിലെ രോഗലക്ഷണങ്ങള്‍, അതിന്റെ സ്‌പ്രെഡിങ്ങ് ഇത്തരം കാര്യങ്ങള്‍ ഒക്കെ ആരുടെയോ ഭാവനയില്‍ ആരോ ഉണ്ടാക്കി എന്റെ പേരില്‍ ചാര്‍ത്തി പ്രചരിപ്പിക്കുന്നതാണ്. ഈ ഒരു മെസേജ് കൊറോണയുടെ അപകടകരമായ വകഭേദമായ ഡെല്‍റ്റയെക്കാളും വേഗത്തിലാണ് സ്‌പ്രെഡ് ചെയ്യുന്നത്. അതുകൊണ്ട് ഈ മെസേജ് കിട്ടിയാല്‍ അത് വിശ്വസിക്കേണ്ട തുറക്കുകയേ വേണ്ട, just delete it.
കഴിഞ്ഞ മാസം തന്നെ ഞാന്‍ സൈബര്‍ പൊലീസിന് ഇതു സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ട്. ആദ്യം ഇംഗ്ലീഷിലായിരുന്നു ഇറങ്ങിയത്. ഇപ്പോള്‍ ഇതിന്റെ മലയാളത്തില്‍ വീണ്ടും വന്നു. ആളുകള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൊറോണയെ നേരിടുന്നതിന് പ്രധാനമായും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സാമൂഹിക അകലം പാലിക്കുക, എല്ലാവരും മാസ്‌ക് ധരിക്കുക, ഹാന്‍ഡ് വാഷിങ്ങ് ചെയ്യുക തുടങ്ങിയവയാണ്. അതു കൂടാതെ കഴിയുന്നത്ര എല്ലാവരും വാക്സിനേഷന്‍ എടുക്കുക. ഇത് മാത്രമാണ് നമുക്ക് രണ്ടാം വേവ് ആണെങ്കിലും മൂന്നാം വേവ് ആണെങ്കിലും ഇനിയിപ്പോള്‍ നാലാം വേവാണെങ്കിലുമൊക്കെ നേരിടാനുള്ള മാര്‍ഗം. അത് നിങ്ങളുടെ ഓര്‍മയില്‍ ഇരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.’