കുളിമുറിയിലെ വെന്റിലേറ്ററില്‍ തൂങ്ങി യുവതി ജീവനൊടുക്കി, സ്ത്രീധനപീഡനമെന്ന് പരാതി

പയ്യന്നൂര്‍-  ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കോറോം സെന്‍ട്രല്‍ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷ (26) യാണ് പയ്യന്നൂര്‍ വെള്ളൂരിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
കുളിമുറിയിലെ വെന്റിലേറ്ററില്‍ ചുരിദാര്‍ ഷാളിലാണ് യുവതി തൂങ്ങിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതി, ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്തിരുന്നതായി പറയുന്നു. വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയാണ് സുനീഷ. ഇരുവരുടെതും പ്രണയവിവാഹമായിരുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് സുനീഷ, രണ്ടാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവിഭാഗത്തേയും വിളിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് വീണ്ടും ഭര്‍തൃവീട്ടിലേക്ക് പോയത്. വീണ്ടും പീഡനം നടന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.
കോറോം സെന്‍ട്രല്‍ വായനശാലക്കടുത്തെ കെ.വി. സുകുമാരന്‍-കെ.വനജ ദമ്പതികളുടെ മകളാണ് സുനീഷ. സഹോദരങ്ങള്‍: സുധീഷ്, സുനജ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

 

Latest News