Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; സുധാകരനെ ന്യായീകരിച്ച് മുരളി

കോഴിക്കോട്- കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ അടങ്ങിയ ഡയറി ഉയര്‍ത്തിക്കാട്ടിയ കെ. സുധാകരന്റെ നടപടിയില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് കോണ്‍ഗ്രസില്‍ അവസാനിച്ചു.സ്ഥാനമാനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ നല്‍കുകയുള്ളു.ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയറി ഉയര്‍ത്തി കാണിച്ചതിനെ വിമര്‍ശിക്കേണ്ടതില്ല. അത് സുധാകരന്റെ ശൈലിയാണ്. ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങള്‍ എടുത്തത് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത്. താനായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു. എല്ലാ ശൈലികളും കോണ്‍ഗ്രസിന് ആവശ്യമാണ്. നിലവിലുള്ള അപശബ്ദങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയും.     
പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരട്ടെ.  അതേ സമയം സീനിയര്‍ നേതാക്കന്മാരെ പരിഗണിക്കുകയും വേണം. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാന്‍ പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാര്‍ട്ടി തീര്‍ച്ചയായും പരിഗണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News