തൃശൂർ- പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളികളായ പാലപ്പിള്ളി സ്വദേശി ഒഴുക്കപ്പറമ്പൻ സൈനുദീൻ (49), ചുങ്കാൽ സ്വദേശി പോട്ടക്കാരൻ പീതാംബരൻ (59) എന്നിവരാണ് കൊല്ലപ്പെട്ടത്. ടാപ്പിങ് തൊഴിലാളിയായ സൈനുദീൻ എലിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. കാട്ടാനയെ കണ്ട് ബൈക്കിൽനിന്നും മറിഞ്ഞ് വീണ സൈനുദീനെ, കാട്ടാന നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊന്നത്. ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവം അറിഞ്ഞശേഷം വനപാലകർ സ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് ഇടയാക്കി. വിവരം അറിയിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് വനപാലകർ എത്തിയത്.
കുണ്ടായി എസ്‌റ്റേറ്റിലെ തൊഴിലാളിയായ പീതാംബരൻ ടാപ്പിങ്ങിന് സൈക്കിളിൽ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം. ആന വരുന്നത് കണ്ട് ഓടി മാറിയെങ്കിലും പിന്തുടർന്ന ആനകൾ പീതാംബരനെ ആക്രമിക്കുകയായിരുന്നു. കയ്യിലും കാലിലും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ പീതാംബരനെ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.