മലപ്പുറം- മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മലപ്പുറം ചേളാരിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്.മരിച്ച അസീസിന്റെ സഹോദരനെതിരെയാണ് ആരോപണം. വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അസീസിന്റെ സ്വത്തുക്കള്‍ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും കുടുംബം ആരോപിക്കുന്നു. അസീസിന്റെ മരണ വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ സംശയ ദൂരീകരണത്തിനുള്ള അന്വേഷണം തുടരുകയാണെന്നും മരിച്ച അസീസിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന മെഡിക്കല്‍ രേഖകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.