തിരുവനന്തപുരം-സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാർഷിക സമരത്തിന് നേതൃത്വം നൽകിയത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സഹപ്രവർത്തകരുമാണ്. അവർ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരാണ്. സമരസേനാനികളുടെ പട്ടികയിൽനിന്ന് അവരെ നീക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ സമീപനം സ്വീകരിക്കുന്നത്. സഹന സമരം,വ്യക്തി സത്യാഗ്രഹം, സായുധ വിപ്ലവം എന്നിവ അടങ്ങിയതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. എല്ലാ സമരത്തിനും ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഈ രാജ്യത്തിൽനിന്ന് ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ പുറത്താക്കിയ ശേഷം രാജ്യത്ത് ഏത് ഭരണം വേണമെന്ന് വ്യത്യസ്ത കാഴ്ച്ചപാടുള്ളവർ ഉണ്ടായിരുന്നു. മലബാർ സമരം എന്ന് വിളിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബായിരുന്നു. കാർഷിക സമരമായിരുന്നുവെന്ന് കമ്യൂണിസ്റ്റുകാർ വിലയിരുത്തി. 1921-ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരം ആയിരുന്നുവെന്നത് ആർക്കും നിഷേധിക്കാനാകില്ല. അന്ന് ബ്രിട്ടീഷുകാരുടെ സഹായികൾ ജന്മിമാരായിരുന്നു. സമരം പിന്നീട് ജന്മിമാർക്ക് എതിരെയും നീങ്ങി. മലബാർ കലാപത്തെ ചിലർ ചില മേഖലകളിൽ തെറ്റായി കൊണ്ടുപോയിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരെ സഹായിച്ച എല്ലാ മതസ്ഥരെയും വാരിയംകുന്നത്ത് എതിർത്തിട്ടുണ്ട്. ഖാൻ ബഹദൂർ ചെക്കുട്ടി അടക്കമുള്ളവരെ കൊലപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയംകുന്നത്ത് സ്വീകരിച്ചത്. മലബാർ കലാപത്തെ പറ്റി പുസ്തകം എഴുതിയ മാധവമേനോൻ ഇക്കാര്യം പറയുന്നത്. സർദാർ ചന്ദ്രോത്ത് 1946-ൽ ദേശാഭിമാനിയിലും ഇക്കാര്യം എഴുതിയിട്ടുണ്ട്. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തി രാഷ്ട്രമായിരുന്നു വാരിയംകുന്നത്തിന്റെത്. മലബാർ സമരം ഹിന്ദു-മുസ്ലിം കലാപം ആയിരുന്നുവെന്ന രാജ്യവ്യാപക പ്രചാരണത്തിനെതിരെ വാരിയംകുന്നത്ത് ഹിന്ദു പത്രത്തിൽ എഴുതിയ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇ.മൊയ്തുമൗലവി എഴുതിയ പുസ്തകത്തിലും മലബാർ കലാപത്തെ പറ്റി എഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.