Sorry, you need to enable JavaScript to visit this website.

അഞ്ച് വര്‍ഷം കൂടെ താമസിപ്പിച്ചു, പിന്നെ കുത്തിക്കൊന്നു, യാവാവിന് ജീവപര്യന്തം കഠിനതടവ്

തൃശൂര്‍ - കാമുകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. അഞ്ചു വര്‍ഷത്തിലധികമായി കൂടെ താമസിപ്പിച്ചിരുന്ന യൂവതിയെ ഒഴിവാക്കുന്നതിനായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലസെഷന്‍സ് ജഡ്ജ് എസ്.ഭാരതി ശിക്ഷിച്ചത്.
വടക്കേക്കാട് കൊമ്പത്തേല്‍പടി വാലിയില്‍ വീട്ടില്‍ ഷമീറയെ(34) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ അബു താഹിറിനെ(42)യാണ് കോടതി ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടക്കാത്ത പക്ഷം ആറു മാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.
2015 സപ്തംബര്‍ 18നാണ് പുതിയഞ്ചേരിക്കാവ് കൂട്ടുകളുത്തിനു സമീപമുള്ള റോഡരികില്‍ വെച്ച് ഷമീറ കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷമായി അബൂതാഹിറും, ഷമീറയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നേരത്തെ ഗുരുവായൂരില്‍ നടന്ന ഒരു കൊലപാതകശ്രമക്കേസില്‍ ഇരുവരും ജയിലില്‍ ശിക്ഷയനുഭവിച്ചിരുന്നു. തുടര്‍ന്ന് അബൂതാഹിറിന്റെ മാതാപിതാക്കള്‍ അബുതാഹിറിനെ  ജാമ്യത്തിലിറക്കുകയും, ഷമീറയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അബൂതാഹിര്‍ ബന്ധം ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ സംഭവദിവസം കൊലപാതകകേസിന്റെ വിചാരണക്ക് പോകും വഴി ഇരുവരും കണ്ടുമുട്ടുകയും, തുടര്‍ന്ന് അന്നു മുഴുവന്‍ ഇരുവരും ഒന്നിച്ച് ചെലവഴിക്കുകയുമായിരുന്നു. അന്നു രാത്രി ഷമീറക്കൊപ്പം സ്വന്തം വീട്ടില്‍ച്ചെന്ന അബൂതാഹിറിനെ പിതാവ് വീട്ടില്‍ കയറ്റാതെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വേര്‍പിരിയുന്നത് സംബന്ധിച്ച് അബൂതാഹിറും ഷമീറയും റോഡില്‍ വെച്ച് തര്‍ക്കമുണ്ടായി. ബന്ധം വേര്‍പെടുത്തുന്നതിന് ഷമീറ തുക ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഷമീറയെ പ്രതി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു. അബൂതാഹിര്‍ പിറ്റേന്ന് വെളുപ്പിന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കൊലപാതക വിവരം അറിയിക്കുകയായിരുന്നു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന ഈകേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 47 രേഖകളും, ഏഴു തൊണ്ടിമുതലുകളും ഹാജരാക്കുകയും, 31 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഇരുവരെയും ഒന്നിച്ച് കണ്ടതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. അബൂതാഹിറിന്റെ തറവാടുവീട്ടിലേക്ക് പോകുന്നതിന് ഇരുവരും യാത്ര ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറുടെയും, അയല്‍വാസികുളുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി. ഈ സാക്ഷികളാണ് ഇരുവരെയും അവസാനമായി കണ്ടതായി മൊഴിനല്‍കിയത്.
കുന്ദംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. ദൃക് സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും ലഭ്യമായ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കി പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

 

 

 

Latest News