റിയാദ് - സൗദിയിൽ വാക്‌സിൻ സെന്ററുകളിലേക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും അറിയിച്ചു. ഓൺലൈൻ ടാക്‌സി കമ്പനിയായ യൂബറുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വാക്‌സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാക്‌സിൻ സെന്ററുകളിലേക്കും തിരിച്ചുമായി രണ്ടു സൗജന്യ യാത്രകളാണ് യൂബർ ടാക്‌സികളിൽ ലഭിക്കുക.
ഒരു ദിശയിൽ പരമാവധി 50 റിയാൽ വരെ നിരക്കുള്ള യാത്രയാണ് സൗജന്യമായി ലഭിക്കുക. സെപ്റ്റംബർ 15 വരെ ഈ സേവനം നിലവിലുണ്ടാകും. വാക്‌സിൻ സെന്ററുകളിലേക്കുള്ള ഗുണഭോക്താക്കളുടെ യാത്ര എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ആരോഗ്യ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും യൂബർ കമ്പനിയും പരസ്പരം സഹകരിച്ച് സൗജന്യ ടാക്‌സി സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായംചെന്ന വിഭാഗങ്ങളിൽ പെട്ടവർക്ക് വീടുകളിൽ നേരിട്ട് എത്തി വാക്‌സിൻ നൽകുന്ന സേവനവും അടുത്തിടെ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു.