- സി.പി.ഐയെ ദുർബലമാക്കി എൽ.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന ധാരണ വേണ്ട
തൃശൂർ- സി.പി.ഐയെ ദുർബലമാക്കി എൽ.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന ധാരണ ആർക്കും വേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണിയിലെ ഏതെങ്കിലും ഒരു കക്ഷി ദുർബലമായാൽ മുന്നണി ശക്തമാകുമെന്ന് ധാരണ വേണ്ടെന്നും കാനം മുന്നറിയിപ്പു നൽകി. വേഷം മാറി പലരും മുന്നണിയിലേക്ക് കടന്നുവരും. അവരെ നിർത്തേണ്ട സ്ഥലത്ത് നിർത്താൻ വേണ്ട ആർജവം കാണിക്കണമെന്നും കാനം പറഞ്ഞു. തൃശൂർ ടാഗോർ സെന്ററിനറി ഹാളിൽ സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പക്ഷത്തു നിൽക്കുന്ന പാർട്ടിക്കു മാത്രമേ ജനമനസ്സിൽ സ്ഥാനമുണ്ടാവുകയുള്ളൂ.
ജനകീയ ഐക്യം ഉയർത്തിക്കൊണ്ടുവരേണ്ട സമയത്ത് ചില്ലറ തർക്കങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കുന്നത് ഭൂഷണമല്ല. ജനകീയ ഐക്യം ഒരിക്കലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. അക്കാര്യം തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ആലോചിച്ചാൽ മതി. ബി.ജെ.പിയും സംഘപരിവാറും ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കും മതനിരപേക്ഷതയെ തകർക്കുന്ന നിലപാടുകൾക്കുമെതിരെ ജനകീയ ഐക്യവും പ്രതിരോധം ഉയർത്തിക്കൊണ്ടുവരേണ്ട സമയമാണിത്. മുഖ്യ ശത്രുവിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതിൽ കമ്മ്യൂണിസ്റ്റുകൾ പരാജയപ്പെട്ടപ്പോഴൊക്കെ ഇടതുപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്. ഈ ചരിത്ര പാഠം ഉൾക്കൊണ്ട് ജനകീയ ഐക്യം ശക്തിപ്പെടുത്താനുള്ള ബാധ്യത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ തിരുത്തിക്കൊണ്ടേ മുന്നോട്ട് പോകാനാകൂ. അതിന് സ്വയം വിമർശനങ്ങളും ആവശ്യമാണ്. ഇടതുപക്ഷത്തെ എല്ലാ കക്ഷികളും ശക്തിപ്പെടണമെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നത്.
രാജ്യം ഗുരുതര ഭീഷണി നേരിടുകയാണിപ്പോൾ. സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഐക്യവും അപകടത്തിലാക്കുന്ന ഭരണമാണ് ബി.ജെ.പി നടത്തുന്നത്. മതനിരേപക്ഷത തകർത്ത് ഭിന്നിപ്പിക്കൽ ഭരണത്തിലാണ് സർക്കാർ. സാമ്പത്തിക നിലയും പിറകോട്ടാണ്. വികസനം ഒരു കൂട്ടം കോർപറേറ്റുകളുടെതാകുന്നു. പട്ടിണിക്കാർ കൂടുകയാണ്.
തെരഞ്ഞെടുപ്പിൽ യുവാക്കളെ കാര്യമായി ആകർഷിച്ച മോഡിയിൽനിന്ന് യുവാക്കൾ അകന്നുകൊണ്ടിരിക്കുകയാണ്. ദേശീയാടിസ്ഥാനത്തിൽ ഇടതുപക്ഷ ഏകോപനം പോലും ശരിയായി പ്രവർത്തിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ മാറ്റം ഉണ്ടാകണമെന്നും കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സ്വാഗതം പറഞ്ഞു. സി.എൻ. ജയദേവൻ എം.പി, കെ.ഇ. ഇസ്മയിൽ, മന്ത്രി വി.എസ്. സുനിൽ കുമാർ, കെ.പി. രാജേന്ദ്രൻ, കെ. രാജൻ, പി. ബാലചന്ദ്രൻ, എൻ.കെ. സുബ്രഹ്മണ്യൻ, കെ. ശ്രീകുമാർ, ഷീല വിജയകുമാർ, ടി.ആർ. രമേഷ് കുമാർ, ഷീന പറയങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.