2394 പേര്‍ക്ക് നേരിട്ടും 8587 പേര്‍ക്ക് നറുക്കെടുപ്പിലൂടെയും അവസരം
കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കാതെ കേരളത്തിലെ ഹജ് നറുക്കെടുപ്പ് കേന്ദ്ര ഹജ് കമ്മിറ്റി നേരിട്ട് നടത്തി. മുംബൈ കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിലാണ് കേരളത്തിന്റെ നറുക്കെടുപ്പ് സംസ്ഥാന ഹജ് കമ്മിറ്റി വിയോജിച്ചതിനാല്‍ കേന്ദ്രം നേരിട്ടു നടത്തിയത്. അവസരം കൈവന്നവര്‍ക്ക് അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ കവര്‍ നമ്പര്‍ നല്‍കിയാലും അവസരം കൈവന്നവരുടെ വിവരങ്ങളറിയാം.
അപേക്ഷകര്‍ ഹജ് ട്രെയിനര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങണം. ഹജിന്റെ ആദ്യ ഗഡു പണം അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ട്രെയിനര്‍മാരില്‍ നിന്ന് അറിയാനാവും.
കേരളത്തില്‍ ഈ വര്‍ഷം 69,783 പേരാണ് ഹജിന് പോകാനായി അപേക്ഷ നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ച ഹജ് ക്വാട്ട 10,981 മാത്രമായിരുന്നു. ഹജ് ക്വാട്ടയില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍ അപേക്ഷകരായ 1270 പേര്‍ക്കും മെഹ്‌റമില്ലാതെ അപേക്ഷ നല്‍കിയ സ്ത്രീകളുടെ സംഘത്തില്‍ 1124 പേരും ഉള്‍പ്പെടെ 2394 പേര്‍ക്ക് നേരിട്ട് അവസരം നല്‍കി. ശേഷിക്കുന്ന 8587 സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടത്തിയത്. 58,808 പേരുടെ വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അധികം ഹജ് സീറ്റുകള്‍ ലഭിക്കുന്ന പക്ഷം വെയിറ്റിംഗ് ലിസ്റ്റിലെ ആദ്യ ക്രമ നമ്പറുകള്‍ പ്രകാരം അവസരം ലഭിക്കും. ലിസ്റ്റിലെ ആയിരത്തോളം പേര്‍ക്ക് അസവരം കൈവരുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ 22 ന് ഹജ് നറുക്കെടുപ്പ് നടത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടതെങ്കിലും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലെ വിധി 30 ന് വരുമെന്നിരിക്കേ ഫെബ്രുവരി രണ്ടിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന ഹജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. കേരളം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും ഇന്നലെയോടെ ഹജ് നറുക്കെടുപ്പ് പൂര്‍ത്തിയായിരുന്നു. സംസ്ഥാന ഹജ് കമ്മിറ്റി സഹകരിക്കില്ലെന്ന സ്ഥിതി വന്നതോടെയാണ് കേന്ദ്രം ഇന്നലെ കേരളത്തിന്റെ നറുക്കെടുപ്പ് നടത്തിയത്.
ഇതാദ്യമായാണ് കേരളത്തിന്റെ സഹകരണമില്ലാതെ ഹജ് നറുക്കെടുപ്പ് കേന്ദ്രം നടത്തുന്നത്. ഹജ് നറുക്കെടുപ്പ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് നടത്താറുള്ളതെങ്കിലും സംസ്ഥാന ഹജ് കമ്മിറ്റി തല്‍സമയം നറുക്കെടുപ്പിന് കരിപ്പൂരില്‍ സൗകര്യം ഒരുക്കാറുണ്ടായിരുന്നു.