തിരുവനന്തപുരം- കോവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനം.പത്ത് ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍ നിശ്ചയിക്കും. രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിള്‍ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാല്‍ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോള്‍ 18 ല്‍ ഏറെ പേര്‍ ഇപ്പോള്‍ തന്നെ പോസിറ്റീവാകുന്നു. ടി പി ആര്‍ 18 കടക്കുന്നത് മൂന്ന് മാസത്തിന് ശേഷം ഇതാദ്യം.പകുതിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആര്‍ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ വാക്‌സിനേഷനില്‍ ബഹുദൂരം മുന്നിലായതിനാല്‍, ഈ ജില്ലകളില്‍ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ബാക്കി ജില്ലകളില്‍ പരിശോധന വ്യാപിപ്പിക്കും. ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വാക്‌സിന്‍ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം ആരംഭിക്കും. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്. രോഗവ്യാപനം കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ വരും.അതേസമയം സംസ്ഥാനത്ത് തല്‍ക്കാലം അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സമ്പൂര്‍ണ അടച്ചിടലിലേയ്ക്ക് പോകില്ല. കടകളുടെ പ്രവര്‍ത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ചേരുന്ന അവലോകന യോഗം സാഹചര്യം വീണ്ടും വിലയിരുത്തും.