കണ്ണൂർ- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പിന്തുണയുമായി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. കൊടി സുനിക്ക് ചങ്ക് പറിച്ചുകൊടുക്കാൻ ഒരുനാട് തന്നെയുണ്ടെന്നാണ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..
ഇത് ആള് വേറെയാണെന്നും ഓർമ്മിപ്പിച്ചാണ് ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ, ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കഠാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ,
അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെയെന്നും പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെയെന്നും പറയുന്ന പോസ്റ്റ് തരത്തിൽ പോയി കളിക്ക് മക്കളെ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ടി.പി വധക്കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഷാഫി പോസ്റ്റിന് അനുകൂലമായി കമന്റിട്ട് പിന്തുണയും അറിയിച്ചിട്ടുണ്ട്.