Sorry, you need to enable JavaScript to visit this website.

കൊച്ചി തീരം വഴി മനുഷ്യക്കടത്തിന് നീക്കം, വ്യാപക പരിശോധന

കൊച്ചി- കൊച്ചി തീരം വഴി ശ്രീലങ്കന്‍ വംശജരെ ന്യൂസിലാന്‍ഡിലേക്ക് കടത്താന്‍ നീക്കം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് തീരദേശത്ത് ഐ ബിയും തീരരക്ഷാ സേനയും നിരീക്ഷണം ഊര്‍ജിതമാക്കി.
എറണാകുളം തൃശൂര്‍ ജില്ലകളെ വേര്‍തിരിക്കുന്ന മുനമ്പം അഴിമുഖം കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചത്.  ഐ ബി ഉദ്യോഗസ്ഥര്‍ മുനമ്പം മേഖലയിലും അഴിമുഖത്തിന്റെ മറുകരയിലുള്ള അഴീക്കോട്, കൊടുങ്ങല്ലൂര്‍ മേഖലകളിലും വ്യാപകമായ പരിശോധന നടത്തി.
കഴിഞ്ഞ ഏപ്രിലില്‍ കൊച്ചി തീരം വഴി 45 ശ്രീലങ്കന്‍ അഭയാര്‍ഥികളെ ന്യൂസിലാന്‍ഡിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ചില ഇടനിലക്കാര്‍ വന്‍തുക പ്രതിഫലം വാങ്ങി നീക്കങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരമേഖലയില്‍ വ്യാപകമായ പരിശോധന നടന്നിരുന്നു. ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നിയുടെ നേതൃത്വത്തില്‍ ഒരു സംഘം മനുഷ്യക്കടത്തിനായി കേരള തീരത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു വിവരം. ഇതേത്തുടര്‍ന്ന് എറണാകുളം, വൈപ്പിന്‍, ചെറായി, മുനമ്പം അഴീക്കോട് മേഖലകളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധന നടന്നു. വ്യാപക പരിശോധനയെ തുടര്‍ന്ന് മനുഷ്യക്കടത്തിനുള്ള നീക്കം പരാജയപ്പെട്ടെന്നും സംഘം തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയെന്നുമായിരുന്നു ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരം. ഇതേ സംഘമാണ് വീണ്ടും മനുഷ്യക്കടത്തിനായി മുനമ്പം ഹാര്‍ബറിനോടു ചേര്‍ന്ന പ്രദേശങ്ങളിലെത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് ഈ മേഖലകളിലെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും എത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും സംശയകരമായി താമസിക്കാനെത്തിയാല്‍ വിവരം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
2019 ജനുവരിയില്‍ മുനമ്പം അഴിമുഖത്ത് നിന്ന് പുറപ്പെട്ട ഒരു മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കന്‍വംശജരായ 110-ഓളം പേര്‍ മീന്‍പിടിത്തബോട്ടില്‍ ന്യൂസീലന്‍ഡിലേക്ക് കടന്ന സംഭവത്തോടെയാണ് കൊച്ചി തീരം കേന്ദ്ര ഇന്റലിജന്‍സിന്റെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസിന്റെയും സൂക്ഷ്മ നിരീക്ഷണത്തിലായത്. 2019 ജനുവരി 11, 12 തീയതികളിലായാണ് എറണാകുളം മുനമ്പത്തുനിന്ന് ദേവമാതാ എന്ന മീന്‍പിടിത്ത ബോട്ടില്‍ 85 കുട്ടികള്‍ അടക്കം 243 പേരെ വിദേശത്തേക്ക് കടത്തിയത്. മുനമ്പം തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരിച്ചറിയല്‍ രേഖകള്‍ അടക്കമുള്ള ബാഗുകള്‍ ലഭിച്ചതോടെയാണ് മനുഷ്യക്കടത്ത് പുറത്തറിയുന്നത്. ഇടനിലക്കാര്‍ അടക്കം പത്തുപേരെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാനായില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെയായതോടെ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നിവിടങ്ങളിലേക്ക് കൊച്ചി തീരത്തു നിന്ന് മനുഷ്യക്കടത്തിനു സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ യാതന അനുഭവിക്കുന്ന ശ്രീലങ്കന്‍ പൗരന്‍മാര്‍ അവസാന ആശ്രയം എന്ന നിലയിലാണ് പുതിയൊരു ജീവിതമാര്‍ഗം തേടി ജീവന്‍ പണയം വെച്ച് വിദേശങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ഇവരെ ചില ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും വിദേശത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന പലരും പിടിക്കപ്പെട്ട് ജെയിലുകളില്‍ അടക്കപ്പെടുകയോ വെടിയേറ്റ് മരിക്കുകയോ ആണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.

 

 

Latest News