ആലപ്പുഴ- കോവിഡ് ബാധിച്ച് മരിച്ച ഗര്‍ഭിണിയുടെ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്തിന്റെ ഭാര്യ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കക്ക് പനി വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സക്കായി യുവതിയെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
രോഗം മൂര്‍ച്ഛിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുടെ സമ്മതപ്രകാരം ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.