Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ധനക്ഷമതക്കനുസരിച്ച് വാഹനങ്ങള്‍ക്ക് വാര്‍ഷിക ഫീസ് നിശ്ചയിക്കാന്‍ മന്ത്രിസഭ തീരുമാനം

റിയാദ്- ഇന്ധനക്ഷമതയനുസരിച്ച് വാഹനങ്ങള്‍ക്ക് വാര്‍ഷിക ഫീസ് നിശ്ചയിക്കാന്‍ മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ 2022 മുതല്‍ ഭാഗികമായും 2023മുതല്‍ പൂര്‍ണമായും നടപ്പാക്കും.
2016 ലും അതിനുശേഷവും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങള്‍, 2015 ലും അതിനുമുമ്പും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങള്‍, എല്ലാ ഭാരവാഹനങ്ങള്‍ എന്നിങ്ങനെയാണ് വാഹനങ്ങളെ വാര്‍ഷിക ഫീസിനായി തരം തിരിച്ചിരിക്കുന്നത്.
2016 ഉം അതിന് ശേഷവുമുള്ള ലൈറ്റ് വാഹനങ്ങളുടെ ഇന്ധന ശേഷി ലിറ്ററിന് 16 കിലോമീറ്ററാണെങ്കില്‍ വാര്‍ഷിക ഫീ ഉണ്ടായിരിക്കുകയില്ല. 14നും 16നും ഇടയിലാണെങ്കില്‍ 50 റിയാലും 12നും 14നും ഇടയിലാണെങ്കില്‍ 85 റിയാലും10നും 12നും ഇടയിലാണെങ്കില്‍ 130 റിയാലും 10ന് താഴെയാണെങ്കില്‍ 190 റിയാലും വാര്‍ഷിക ഫീസ് അടക്കണം.
എന്നാല്‍ 2015 ഉം അതിന് ശേഷവുമുള്ള ചെറുകിട വാഹനങ്ങള്‍ക്കും എല്ലാ ഹെവി വാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി (ലിറ്റര്‍) ക്കനുസരിച്ചാണ് ഫീ അടക്കേണ്ടത്. 1.9 ല്‍ താഴെ ശേഷിയുള്ളതാണെങ്കില്‍ ഫീ ഇല്ല. 1.91 മുതല്‍ 2.4 വരെ ശേഷിയാണെങ്കില്‍ 50 റിയാലും 2.41 മുതല്‍ 3.2 വരെ ശേഷിയാണെങ്കില്‍ 85 ഉം 3.21 മുതല്‍ 4.5 വരെ യാണെങ്കില്‍ 130 ഉം 4.5 ന് മുകളിലാണെങ്കില്‍ 190 ഉം റിയാലാണ് അടക്കേണ്ടിവരിക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതോ എടുക്കുന്നതോ സമയത്ത് ഓട്ടോമാറ്റിക് ആയി ഫീസ് വരും. എന്നാല്‍ ഫീസില്‍ പരാതിയുള്ളവര്‍ സാസോയുമായി ബന്ധപ്പെട്ടാണ് പരിഹരിക്കേണ്ടത്. 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് മേലുള്ള പിഴകളും ഫീസുകളും ഒഴിവാക്കിക്കൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Latest News