Sorry, you need to enable JavaScript to visit this website.

ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം- ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉൾപ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം  പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ തേടിയത്.
കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി  നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്  സിബി മാത്യൂസിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ദിവസങ്ങളോളം നീണ്ട വിശദമായ വാദങ്ങൾക്ക് ഒടുവിലാണ് ജാമ്യം നൽകിയത്. 

റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സി.ബി.ഐ ഏറ്റെടുത്തതിനാൽ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് വാദിച്ചു.

ഈ കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ എന്നും സി.ബി.ഐ വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നമ്പി നാരായണനും മറിയം റഷീദയും കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
 

Latest News