Sorry, you need to enable JavaScript to visit this website.

മാപ്പിളമാരുടെ സംഭാവനകള്‍ മായ്ച്ചുകളയാമെന്നത് വ്യാമോഹം-പി.കെ. ഫിറോസ്

മലപ്പുറം- മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആളുകളുടെ പേരുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ഒളിഞ്ഞു നിന്നുനോക്കിയ പാരമ്പര്യം പോലും ആര്‍.എസ്.എസിന് ഇല്ലെന്ന് പറയുന്നത് ഭാഗികമായി തെറ്റാണ്.

സമര രംഗങ്ങള്‍ പലപ്പോഴായി അവര്‍ മാറിനിന്നു പകര്‍ത്തിയത് ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ വേണ്ടി മാത്രമാണ്. പിന്നീടത് മാറ്റി എഴുതിയതും, വിഭജനത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ കഴിഞ്ഞ ദിവസം മുതല്‍ ആചരിക്കാന്‍ തുടങ്ങിയതും എല്ലാം, വസ്തുതകള്‍ മറച്ച്, വേദനയില്‍ മുളകുതേച്ച് വര്‍ഗ്ഗീയ മുതലെടുപ്പുകള്‍ നടത്താന്‍ വേണ്ടി മാത്രമാണ്. ഇപ്പോഴിതാ ധീര രക്തസാക്ഷികളായ വാരിയന്‍കുന്നനെയും ആലി മുസ്ല്യാരുമുള്‍പ്പടെയുള്ളവരെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു.മാപ്പെഴുതി നല്‍കിയാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്ക് ബ്രിട്ടീഷ് അധികാരികള്‍ വെച്ചുനീട്ടി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് മക്ക നഗരത്തില്‍ അവസാന നാളുകള്‍ ചെലവഴിക്കാനുള്ള അവസരമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സന്തോഷദായകമായ ഭാഗ്യം. പക്ഷേ, അധിനിവേശ ശക്തിയോട് രാജിയാകാന്‍ തയ്യാറാവാത്ത പോരാട്ടമായിരുന്നു പ്രിയപ്പെട്ട ഹാജി തെരഞ്ഞെടുത്തത്.ആലി മുസ്ലിയാര്‍ താന്‍ ജോലി ചെയ്ത പള്ളിയും അവിടുത്തെ ജനങ്ങളെയും ഉപയോഗപ്പെടുത്തി അധിനിവേശ ശക്തികള്‍ക്കെതിരെ ഒരു വന്‍മതില്‍ തന്നെ തീര്‍ത്തു. മുസ്ലിയാരുടെ സാന്നിധ്യം എല്ലായ്‌പ്പോഴും ബ്രിട്ടീഷ് സേനക്ക് തലവേദന സൃഷ്ടിച്ചു. ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകള്‍ നിര്‍വ്വീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേള്‍ക്കുകയും ചെയ്ത ധീരദേശാഭിമാനികള്‍ ഉള്‍പ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകള്‍ Indian Council of Historical Researchന്റെ ഡിക്ഷ്ണറിയില്‍ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാര്‍ഥ സംഭാവനകള്‍ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പിന്നില്‍നിന്ന് കുത്തി തകര്‍ക്കാന്‍ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാള്‍ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകള്‍ക്ക് ലഭിക്കാനുള്ളത്.!

Tags

Latest News