Sorry, you need to enable JavaScript to visit this website.

ഓണക്കാലത്ത് മില്‍മയുടെ വില്‍പനയില്‍ വന്‍ കുതിപ്പ്

കോഴിക്കോട്- ഓണക്കാലത്ത് മലബാര്‍ അടക്കമുള്ള മില്‍മയുടെ സംസ്ഥാനത്തെ മൂന്നു യൂണിയനുകളിലും പാല്‍, തൈര് അടക്കമുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും വില്‍പനയില്‍ വന്‍ വര്‍ധന.
ഉത്രാടവും തിരുവോണവുമുള്‍പ്പെടെയുള്ള നാലു ദിവസങ്ങളില്‍ 36.38 ലക്ഷം ലിറ്റര്‍ പാലും 6.31 ലക്ഷം കിലോ തൈരുമാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാത്രംവിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാല്‍ വില്‍പ്പനയില്‍ 10 ശതമാനവും തൈര് വില്‍പ്പനയില്‍ ഒരു ശതമാനവുമാണ് വര്‍ധന. ഉത്രാട ദിനത്തില്‍ മാത്രം 13.95 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി. ഒരു ദിവസം ഇത്രയും പാല്‍ വില്‍ക്കുന്നത് മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമാണ്.
കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും നേട്ടം കൈവരിക്കാനായെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.
എറണാകുളം, തിരുവനന്തപുരം യൂണിയനുകളുടെ വിശദമായ കണക്കെടുപ്പ് നടക്കുകയാണെന്നും ശരിയായാല്‍ ഉടനെ അറിയിക്കുമെന്നും മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ കെ.എസ് മണി പറഞ്ഞു. ഇതു കൂടാതെ 341 മെട്രിക് ടണ്‍ നെയ്യും 88 മെട്രിക് ടണ്‍ പാലടയും, 34 മെട്രിക് ടണ്‍ പേഡയും  ഓണക്കാലത്ത് വില്‍പ്പന നടത്തി. കേരള സര്‍ക്കാരിന്റെ  ഇത്തവണത്തെ ഓണക്കിറ്റിലൂടെ
50 മില്ലിഗ്രാമിന്റെ 43 ലക്ഷം നെയ് കുപ്പികളാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ നല്‍കിയത്.
സംസ്ഥാന കായിക വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ 1700 കായിക വിദ്യാര്‍ഥികള്‍ക്ക് മില്‍മ ഉത്പ്പന്നങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മലബാര്‍ മേഖലാ യൂണിയനു കീഴിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് മില്‍മ ഉത്പ്പന്നങ്ങള്‍ അടങ്ങിയ സ്‌പെഷല്‍ കോമ്പോ കിറ്റ് ഓണക്കാലത്ത് ഡിസ്കൗണ്ട്  നിരക്കില്‍ നല്‍കി. 43,000 കോമ്പോ കിറ്റുകളാണ് ഇങ്ങനെ  വിതരണം ചെയ്തത്.

 

Latest News