മസ്‌ക്കറ്റ്- ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രാവിലക്ക് ഒമാൻ പിൻവലിച്ചതോടെ ആർക്കൊക്കെ രാജ്യത്തേക്ക് വരാം എന്നത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ അഥോറിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. ഇതനുസരിച്ച് കോവിഡ് വാക്‌സിൻ സ്വീകരിച്ച ഏതൊരാൾക്കും ഒമാനിലേക്ക് വരാം. ക്യു ആർ കോഡ് മുദ്രണം ചെയ്ത കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുള്ളവരെയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കൂക. രണ്ടു ഡോസ് വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് ഒമാൻ അംഗീകരിച്ച വാക്‌സിൻ ആയാലും മതി. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
ഒമാനിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പി.സി.ആർ ടെസ്റ്റ് നടത്തണം. പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവല്ലാത്തവരെ ക്വാറന്റീൻ ചെയ്യും. പി.സി.ആർ ടെസ്റ്റ് റിസൽട്ടിലും ക്യൂ ആർ ക്വാഡ് മുദ്രണം ചെയ്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിലാണ് ടെസ്റ്റ് എടുക്കേണ്ടത്.
പി.സി.ആർ സർട്ടിഫിക്കറ്റിലാതെ ഒമാനിൽ എത്തുന്നവർ നിർബന്ധിത ക്വാറന്റൈന് വിധേയമാകണം. ടെസ്റ്റ് നെഗറ്റീവ് ആകുന്നത് വരെ ഇവരുടെ കയ്യിൽ ബ്രേസ്‌ലറ്റ് ഘടിപ്പിക്കും. യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി തറാസുദ് ആപ്ലിക്കേഷനിൽ യാത്രവിവരങ്ങൾ അപ്ലോഡ് ചെയ്യണം. വാക്‌സിൻ സർട്ടിഫിക്കറ്റ്, പി.സി.ആർ സർട്ടിഫിക്കറ്റുകളും അറ്റാച്ച് ചെയ്യണം. ഒമാനിലെത്തി കോവിഡ് ടെസ്റ്റ് നടത്താനാണ് യാത്രക്കാരൻ താൽപര്യപ്പെടുന്നതെങ്കിൽ അതിന്റെ ചെലവ് യാത്രക്കാരൻ വഹിക്കണം. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ ഈ ഫീസ് കെട്ടിവെക്കണം. ഈ ടെസ്റ്റിൽ പോസ്റ്റീവ് ഫലം വന്നാൽ യാത്രക്കാരൻ പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയമാകണം.