ജിദ്ദ- ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഒമാൻ കൂടി വിമാന വിലക്ക് പിൻവലിച്ചതോടെ സൗദി പ്രവാസികൾക്ക് ഒരു യാത്രാവഴി കൂടി തുറന്നു. സെപ്തംബർ ഒന്നു മുതലാണ് യാത്രാവിലക്ക് നീക്കിയത്. സുപ്രീം കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഇന്ത്യയിൽനിന്ന് ഖത്തർ, മാലി, സെർബിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് പ്രവാസികൾ സൗദിയിലേക്ക് എത്തുന്നത്. ഒമാൻ കൂടി തുറക്കുന്നതോടെ അതുവഴിയും പ്രവാസികൾക്ക് സൗദിയിലേക്ക് എത്താം.അതേസമയം, സന്ദർശക വിസയിൽ ഉള്ള ഇന്ത്യക്കാർക്ക് ഒമാൻ നേരിട്ട് പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ സൗദിക്കും ഒമാനും ഇടയിൽ വിമാന സർവീസുകൾ കുറവാണ്. യാത്രക്കാരുടെ കുറവാണ് കാരണം. യാത്രാവിലക്ക് നീക്കിയതിന് പുറമെ ഒമാനിലെ ക്വാറന്റീൻ വ്യവസ്ഥകൾ സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇതുകൂടി പുറത്തുവന്ന ശേഷം ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഒമാൻ വഴിയുള്ള യാത്രക്ക് കൂടുതൽ ആളുകൾ എത്താനാണ് സാധ്യത. നിലവിൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് വിമാന സർവീസുണ്ടെങ്കിലും യു.എ.ഇയിൽനിന്ന് സൗദിയിലേക്ക് സർവീസില്ല. തുടക്കത്തിൽ നിരവധി പേർ സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് യു.എ.ഇ വഴി എത്തിയിരുന്നു.
ഒമാൻ കൂടി ഇന്ത്യക്കാർക്കുള്ള വാതിൽ തുറന്നതോടെ സൗദിയും നേരിട്ടുള്ള യാത്രക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.