ന്യൂദൽഹി- മലബാർ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാർ എന്നിവരുൾപ്പെടെയുള്ള 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മാറ്റാൻ നീക്കം. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.
1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാൽ നീക്കം ചെയ്യാൻ സമിതി ശുപാർശ ചെയ്തതായാണ് വിവരം. മതപരിവർത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാർ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു. കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നെന്നും ഇത് വിജയിച്ചിരുന്നെങ്കിൽ, ഈ പ്രദേശത്തും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യക്ക് ആ ഭാഗം നഷ്ടപ്പെടുമായിരുന്നെന്നും സമിതി വിലയിരുത്തിയതായാണ് റിപ്പോർട്ട്. ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടിരുന്നത്.