തിരുവനന്തപുരം- കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗില്‍ നിന്ന് തോക്ക് (എയര്‍ ഗണ്‍), പാസ്‌പോര്‍ട്ട്, വസ്തു ഇടപാടിന്റെ രേഖ എന്നിവ കണ്ടെടുത്തു. തിരുവനന്തപുരം കൊട്ടാരക്കര ഫാസ്റ്റ് ബസില്‍ വെള്ളിയാഴ്ച രാത്രിയാണ് ബാഗ് കണ്ടത്. ബാഗ് കണ്ടക്ടര്‍ കിളിമാനൂര്‍ പോലീസിന് കൈമാറി.കിളിമാനൂര്‍ ഡിപ്പോയിലെ ആര്‍ ടി സി 99 നമ്പര്‍ ബസില്‍ നിന്നാണ് ബാഗ് കിട്ടിയത്.വസ്തു ഇടപാടിനു കൊണ്ടുവന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആര്യനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ബാഗാണ് ബസില്‍ നിന്ന് കണ്ടെത്തിയതെന്ന് പോാലീസ് പറഞ്ഞു. ലൈസന്‍സ് വേണ്ടാത്ത എയര്‍ഗണ്‍ ആണ് ബാഗില്‍ നിന്നു കണ്ടെടുത്തത്. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ലാറിവറിയില്‍ ജെ സുധീര്‍ എന്നയാളുടെ ബാഗാണ് ഇത്.വഴുതക്കാടുള്ള സുധീറിന്റെ 5 സെന്റ് വസ്തുവും കണ്ടല സ്വദേശിയായ സുനില്‍ എന്നയാളുടെ നെടുമങ്ങാട് വാളിക്കോടുള്ള 1.80 ഏക്കര്‍ വസ്തുവും പരസ്പരം മാറ്റി വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കച്ചവടം. ഇതനുസരിച്ചു വഴുതക്കാട്ടെ വസ്തുവിനു 1.20 കോടി രൂപയും വാളിക്കോട്ടെ വസ്തുവിനു 1.46 കോടി രൂപയും വിലയിട്ടു. സുധീര്‍ നല്‍കേണ്ട 26 ലക്ഷത്തില്‍ 6 ലക്ഷം ആദ്യം നല്‍കി. ബാക്കി 20 ലക്ഷം രൂപ നല്‍കാന്‍ എത്തിയപ്പോഴാണ് എട്ടംഘ സംഘം ഇയാളെ ആക്രമിച്ചത്.കഴുത്തില്‍ മഴുവച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്നാണ് കേസ്. സംഭവത്തില്‍ മൂന്ന് പ്രതികളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുധീറിന്റെ കുടുംബസുഹൃത്തായ ജോര്‍ജിന് വേണ്ടിയാണ് വസ്തു വാങ്ങുന്നത്. ജോര്‍ജിന്റെ മാതാവ് പരേതയായ ലിയോണ ജോസഫ് അഗസ്റ്റിന്റെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ആണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.