സിയറ ലിയോൺ- നിലമ്പൂരിൽനിന്ന് മുങ്ങിയെന്ന വാർത്തക്ക് പിന്നാലെ കൂടുതൽ പ്രതികരണവുമായി പി.വി അൻവർ എം.എൽ.എ. അൻവറിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത കെ. മുരളീധരൻ എം.പിക്കെതിരെയും അൻവർ രംഗത്തെത്തി. സിയറലിയോണിലിൽനിന്നുള്ള കുട്ടികളുടെ ചിത്രത്തിനൊപ്പം പോസ്റ്റു ചെയ്ത കുറിപ്പിലാണ് മുരളിക്കെതിരെ പരാമർശമുള്ളത്. ഇവിടെ കിങ്ങിണിക്കുട്ടൻമാരില്ലെന്നും ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണുള്ളതെന്നും അൻവർ പറഞ്ഞു.
ലീഡറോട് ബഹുമാനമേയുള്ളൂവെന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല. പി.വി.അൻവറാണ്.
പറയാനുള്ളത് നേരിട്ട് തന്നെ പറയുമെന്നും അൻവർ വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും അൻവർ മുന്നറിയിപ്പ് ആവർത്തിച്ചു. 'സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം അന്യന്റെ കണ്ണിലെ കരടെടുക്കാനെന്ന് പറഞ്ഞ അൻവർ നിഗൂഡത തീരെയില്ലാത്തവന്റെ ഇന്തോനേഷ്യ-ബാങ്കോക്ക്-ബാന്തങ്ങ് യാത്രകളുടെ പിന്നാലെ ഞാനും ഒന്ന് സൈക്കിളെടുത്ത് കൂടുന്നുന്നുണ്ടെന്ന് വ്യക്തമാക്കി.