Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പുതിയ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ചേംബര്‍ ഫീസ് ഇളവ്

സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസബി

റിയാദ് - പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും പിന്തുണയും പ്രോത്സാഹനവുമെന്നോണം പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമം നിലവില്‍വന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് പുതുതായി കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ മൂന്നു വര്‍ഷത്തേക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയില്‍ നിന്ന് പുതിയ നിയമം പൂര്‍ണമായും ഒഴിവാക്കുന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തേക്ക് വരിസംഖ്യയില്‍ ഇളവും ലഭിക്കും. ഒരേ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പ്രകാരമുള്ള പേര് വഹിക്കുന്ന കാലത്തോളം എത്രമാത്രം ശാഖകളുണ്ടെങ്കിലും ഒരേ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ഒന്നിലധികം വരിയെടുക്കുന്ന രീതിയും പുതിയ നിയമത്തില്‍ റദ്ദാക്കിയിട്ടുണ്ട്.
പുതിയ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഭീമമായ പണം ലാഭിക്കാനും ചെലവ് കുറക്കാനും വരിസംഖ്യ ഇളവ് തീരുമാനം സ്വകാര്യ മേഖലയെ സഹായിക്കും. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് 500 റിയാലും മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കുറവ് മൂലധനവും ജീവനക്കാരുടെ എണ്ണം അഞ്ചില്‍ കവിയുകയും ചെയ്യാത്ത കമ്പനികള്‍ക്ക് 200 റിയാലുമായിരിക്കും ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ലിമിറ്റഡ് ലയാബിലിറ്റി കമ്പനികളുടെ ആദ്യത്തെ അഞ്ചു വര്‍ഷക്കാലത്തെ ചെലവ് 96 ശതമാനം വരെയും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകളുടെ ചെലവ് 33 മുതല്‍ 75 ശതമാനം വരെയും കുറയും.
ചേംബര്‍ ഓഫ് കൊമേഴ്‌സ് തെരഞ്ഞെടുപ്പുകളിലും വോട്ടെടുപ്പിനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കൂടാതെ വ്യക്തിഗത വോട്ടിംഗിനും ഗ്രൂപ്പ് വോട്ടിംഗിനും അവസരമുണ്ട്. വാണിജ്യ മന്ത്രിയുടെ തീരുമാന പ്രകാരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് തുടര്‍ന്നുള്ള എട്ടു വര്‍ഷക്കാലം ചേംബര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും കഴിയില്ല.

 

Latest News