ജിദ്ദ- ഗൃഹാതുര സ്മരണകൾ അയവിറക്കി പ്രവാസി മലയാളികൾ ഓണം ആഘോഷിച്ചു. ഫ്‌ളാറ്റുകളിൽ ഓണപ്പൂക്കളമിട്ടും സദ്യ ഒരുക്കിയുമാണ് മലയാളികൾ ഓണം ആഘോഷിച്ചത്. ഭൂരിഭാഗം മലയാളികളും ഹോട്ടലുകളിൽനിന്നാണ് സദ്യ സംഘടിപ്പിച്ചത്. 30 മുതൽ 45 റിയാൽ വരെയാണ് സൗദിയിലെ വിവിധ ഹോട്ടലുകൾ സദ്യക്ക് ഈടാക്കിയത്. ഓണം ഒരുക്കാനുള്ള വിഭവങ്ങൾക്കും പൊള്ളുന്ന വിലയായിരുന്നു. ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾക്കെല്ലാം വില കൂടിയിരുന്നു. പച്ചക്കായയുടെ വില പതിനാറ് റിയാലിന് മുകളിലെത്തി. ചെറുപഴത്തിന് ശരാശരി വില പതിനെട്ടായിരുന്നു. വാഴയിലക്ക് ഇക്കുറി ഒന്നിന് രണ്ടു റിയാലായിരുന്നു. ഒരു കിലോ പൂവിന് 37 റിയാലായിരുന്നു ചിലയിടങ്ങളിലെ വില. കോവിഡ് തീർത്ത ദുരിതങ്ങൾക്കിടയിലും ജനം ഓണം ആഘോഷിക്കാൻ സമയം കണ്ടെത്തി.
അതേസമയം, വിവിധ ഹോട്ടലുകളിൽ ഓണസദ്യക്ക് എത്തിയവരുടെ തിരക്കിൽ കശപിശയുണ്ടായി. സമയത്തിന് ഓണസദ്യ കൊടുക്കാനാകാത്തതാണ് ചിലയിടങ്ങളിൽ പ്രശ്‌നമുണ്ടാക്കിയത് എങ്കിൽ മറ്റു സ്ഥലങ്ങളിൽ വാഗ്ദാനം ചെയ്ത വിഭവങ്ങൾ ഇല്ലാത്തതാണ് കശപിശക്ക് കാരണമായത്.
ജിദ്ദയിലെ ഒരു ഹോട്ടലിൽ ഓണ സദ്യ വാങ്ങാനെത്തിയവരുടെ വൻ തിരക്കിൽ ഉന്തുംതള്ളുമുണ്ടായി. ഇവിടെ ഇന്ന് ഭക്ഷണം സൗജന്യമാണോ എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചോദിക്കുന്നതും കാണാം. സാധാരണ ദിവസങ്ങളിൽ 20 റിയാൽ ഈടാക്കിയിരുന്ന സദ്യക്ക് ഓണത്തോടനുബന്ധിച്ച് കുറച്ചു വിഭവങ്ങൾ കൂടി ചേർത്ത് 45 റിയാലാണ് ചില ഹോട്ടലുകൾ ഈടാക്കിയത്.
നാടുവിട്ട് പ്രവാസം സ്വീകരിക്കുന്ന പ്രവാസികൾ എല്ലാ കൊല്ലവും ഓണം ആഘോഷിക്കുന്നുണ്ട്. ഇക്കുറിയും സമാനമായ ആഘോഷമാണ് പ്രവാസികൾ നടത്തിയത്. കോവിഡ് കാരണം പൊതുപരിപാടികൾക്ക് വിലക്കുള്ളതിനാൽ അടച്ചിട്ട മുറികളിൽ പ്രവാസി ഓണം ആഘോഷിക്കുകയാണ്.