തിരൂരങ്ങാടി- പ്രായം 112 കഴിഞ്ഞ ചെറുമുക്ക് ചോളാഞ്ചേരിത്താഴത്തെ പരേതനായ വടക്കും പറമ്പിൽ കുഞ്ഞികോരന്റെ ഭാര്യ വി.പി. അമ്മച്ചിയെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഓണപ്പുടവ നൽകി ആദരിച്ചു.
കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ പി. അൻവർ സാദത്ത് ഓണപ്പുടവ കൈമാറി. ചടങ്ങിൽ കുട്ടായ്മ പ്രസിഡന്റ് വി.പി. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അമ്മച്ചിക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണപ്പുടവ നൽകാറുണ്ട്. പ്രായം 100 കഴിഞ്ഞെങ്കിലും വർധക്യത്തിന്റൈ ബുദ്ധിമുട്ടുകൾ അവരെ ബാധിച്ചിട്ടില്ല. വെഞ്ചാലി പാടത്തെ മണ്ണിനേയും കൃഷിയേയും ഏറെ സ്‌നേഹിക്കുന്നതാണ് ജീവിതം.
32 വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഇളയമകനൊപ്പമാണ് താമസം. പത്ത് വർഷത്തോളമായി അയൽവാസിയായ പച്ചായി ഇസ്മായിലിന്റെ കുടുംബത്തോടൊപ്പം പകൽ മുഴുവൻ ചെലവഴിക്കും. കാഴ്ചക്ക് ഇന്നും കുറവില്ല. നടക്കാനും പ്രയാസമില്ല. എന്നാൽ ഓർമക്കുറവുള്ളതിനാൽ പഴയകാര്യങ്ങളൊന്നും ഓർത്തെടുക്കാനാവില്ല. കുട്ടികാലം മുതൽ കൃഷിയിടങ്ങളിലെ ജോലിയായിരുന്നു. ഞാറു നടൽ, കൊയ്ത്ത്, നെല്ലുകുത്തി അരിയൊരുക്കൽ തുടങ്ങി ജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. കൃഷിയിൽ അമ്മച്ചിക്കുള്ള അറിവ് നാട്ടിലെ കർഷകർക്ക് പ്രയോജനകരമാണ്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.
ആദരിക്കൽ ചടങ്ങിന് കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി, ഇ.പി. സൈതലവി, തലാപ്പിൽ യൂസുഫ്, പി.കെ. ഇസ്മായിൽ, കെ. റഹൂഫ്, കെ.കെ. അബൂബക്കർ, കെ.സി. മുർഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.