Sorry, you need to enable JavaScript to visit this website.

ചാത്തനും കുടുംബത്തിനും ഓണസമ്മാനമായി ലീഗിന്റെ ബൈത്തുറഹ്മ 

ബൈത്തുറഹ്മ പദ്ധതിയിൽ ചാത്തന് നിർമിച്ച വീട്.

മലപ്പുറം- കൂട്ടിലങ്ങാടി പഞ്ചായത്തിലെ മൊട്ടമ്മൽ മെരുവിൻകുന്നിലെ പൊൻകുളത്തിൽ ചാത്തനും കുടുംബവും വാർധക്യകാലത്ത് ഇനി ബൈത്തുറഹ്മയുടെ തണലിൽ സുരക്ഷിതമായി അന്തിയുറങ്ങും. ചാത്തന്റെ കുടുംബത്തിന് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഓണ സമ്മാനമായി ഇന്ന് കൈമാറും. കൂട്ടിലങ്ങാടി കടവിലെ മുൻ മണൽ തൊഴിലാളിയായിരുന്ന ചാത്തന് ഭാര്യയും മൂന്നു പെൺമക്കളുമാണുള്ളത്.
പെൺമക്കളെ വിവാഹം ചെയ്തയച്ചു. പ്രായാധിക്യവും വാർധക്യസഹജമായ രോഗങ്ങളും കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് 74 കാരനായ ചാത്തൻ. 
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ചെറിയ ഓടിട്ട വീട്ടിലായിരുന്നു ഇവരുടെ താമസം. കാലപ്പഴക്കം കാരണം ചോർന്നൊലിച്ച് ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്ന വീട് പുനർനിർമാണത്തിന് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിന്ന് ധനസഹായം ലഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നിലവിലുള്ള വീട് പൊളിച്ച് നീക്കി പുതിയത് നിർമിക്കാൻ ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുയർന്നു. ഇതോടെയാണ് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ചാത്തന് ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണം നൽകാൻ മുന്നോട്ടു വന്നത്. 
700 ചതുരശ്ര അടിയിൽ വരാന്തയും ഹാളൂം രണ്ടു കിടപ്പുമുറികളും അടുക്കളയും ഉൾപ്പെടെ ഏഴര ലക്ഷം രൂപ ചെലവിൽ അഞ്ച് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. വാർഡിലെ ഗ്രീൻഗാർഡ് പ്രവർത്തകരുടെ സൗജന്യ സേവനവും നിർമാണ പ്രവൃത്തിയുടെ പല ഘട്ടങ്ങളിലുമുണ്ടായി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ കൈമാറും. 
 

Latest News