കോട്ടയം- തിരുവോണദിനത്തിൽ പ്രതികാര രാഷ്ട്രീയത്തിനെതിരെ ഉണ്ണാവ്രതമെടുത്ത് സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പൻ. എം.എൽ.എയുടെ സമരം സൈബർ കുറ്റവാളിയെ സംരക്ഷിക്കാനാണെന്ന് ആരോപിച്ച് എം.എൽ.എയ്ക്കു സത്ബുദ്ധി തെളിയാൻ മുട്ടിൽനിന്നു മെഴുകുതിരി തെളിച്ച് കേരള കോൺഗ്രസ് എം യുവജന വിഭാഗം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസം പിന്നിടുമ്പോഴും പാലായിലെ കേരള കോൺഗ്രസ് യു.ഡി.എഫ് രാഷ്ട്രീയത്തിലെ പ്രതിയോഗി രാഷ്ട്രീയം കുടുതൽ പോർമുഖങ്ങൾ തുറക്കുകയാണ്.
പാലാ ളാലം ജംഗ്ഷനിലായിരുന്നു മാണി സി. കാപ്പൻ എം.എൽ.എയുടെ പ്രതിഷേധ സമരം. അധികാരമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്ന നടപടിയ്‌ക്കെതിരെയായിരുന്നു യു.ഡി.എഫ് നേതൃത്വത്തിലുള്ള സമരം. സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അധിക്ഷേപിക്കുന്നതിനെതിരായ പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്നാണ് യു.ഡി.എഫ് ആരോപണം. കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെ രാവിലെ 9 മുതൽ വൈകുന്നേരം മൂന്നുവരെയായിരുന്നു സമരം.
പോലീസിനെ ഉപയോഗിച്ചു യു.ഡി.എഫ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കുകയില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. സോഷ്യൽ മീഡിയായിൽ അപകീർത്തിപ്പെടുത്തിയത് സംബന്ധിച്ചു എം.എൽ.എ അടക്കമുള്ളവർ നൽകിയ പരാതികളെക്കുറിച്ചു യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. പരാതിയിൽ കഴമ്പുണ്ടോ എന്നുപോലും പരിശോധിക്കാത്ത പോലീസ് നടപടി അധികാര ദുരുപയോഗമാണെന്നും യു.ഡി.എഫ് ആരോപിച്ചു. അധികാരമുള്ളവനു ഒരു നീതി ഇല്ലാത്തവന് മറ്റൊരു നീതി എന്ന നിലപാട് അംഗീകരിക്കില്ലെന്നും ഇതിനെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പാലാ ബ്ലോക്ക് ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവർ പറഞ്ഞു. മുൻ എം.പി. വക്കച്ചൻ മറ്റത്തിൽ നാരങ്ങാനീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു.
അതേ സമയം കെ.എം. മാണി, ജോസ് കെ. മാണി, തോമസ് ചാഴികാടൻ എം.പി എന്നിവർക്കെതിരെ പരസ്യമായി സോഷ്യൽ മീഡിയിൽ അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനാണ് പാലാ പോലീസ് കേസെടുത്തതെന്ന് കേരള കോൺഗ്രസ് എം പറയുന്നു. പോലീസ് കേസെടുത്തപ്പോൾ സമരം നടത്തുന്നതോടെ അണിയറക്കഥകൾ പരസ്യമാവുകയാണെന്നും അവർ ആരോപിക്കുന്നു. മാണി സി. കപ്പൻ എം.എൽ.എയുടെ നടപടി ദുരുദ്ദേശപരവും അപഹാസ്യവുമാണെന്ന് എൽ.ഡി.എഫ് പറഞ്ഞു. ഐ.ടി.ആക്ട് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുള്ള പ്രതിയെ സംരക്ഷിക്കാനായി എം.എൽ.എ രംഗത്തുവന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ നേതാക്കളെയും മതമേലാധ്യക്ഷൻമാരെയും മോശക്കാരായി ചിത്രീകരിച്ചു സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നയാളെ സംരക്ഷിക്കുവാൻ വ്യഗ്രത കാട്ടുന്ന എം.എൽ.എ. യഥാർഥ വിഷയങ്ങളിൽനിന്നു ഒളിച്ചോടുകയാണ്. ഇത് സാംസ്‌കാരികമായി ഉന്നത നിലവാരം പുലർത്തുന്ന പാലായ്ക്ക് അപമാനമാണ്.
മാണി സി. കാപ്പന്റെ സമരം മോൻസ് ജോസഫ് എം.എൽ.എയും, മുട്ടിൻമേൽ സമരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. അതേ സമയം കേരള കോൺഗ്രസ് എം നടത്തിയ സമരം മതനിന്ദാപരമാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചാരണം തുടങ്ങി.