തൃശൂർ- ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലിൽനിന്നും ഫോണും കഞ്ചാവും പിടികൂടി. ഇന്നലെ അതിരാവിലെ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവും മൊബൈലും പിടികൂടിയത്. അധികൃതർ പരിശോധന നടത്താൻ എത്തുമ്പോൾ കൊടി സുനി ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുകയായിരുന്നു. കത്രിക, മൊബൈൽ ചാർജർ എന്നിവയും പിടികൂടി. മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധന നടത്തിയ ജയിൽ അധികൃതരെ കൊടി സുനി ഭീഷണിപ്പെടുത്തി. ഏറെനേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് സുനിയെ കീഴ്‌പ്പെടുത്തിയത്. പരിശോധനക്കിടെ തൊട്ടടുത്ത സെല്ലിലെ തടവുകാരും ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. കോവിഡ് കാലമായതിനാൽ തടവുപുള്ളികളെ പുറത്തേക്ക് കൊണ്ടുപോകാറില്ല. എങ്ങിനെയാണ് മൊബൈൽ ലഭിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ജയിലിലെ ചില ഉദ്യോഗസ്ഥർ തന്നെയാകും മൊബൈൽ നൽകിയത് എന്നാണ് പോലീസ് കരുതുന്നത്. വിയ്യൂർ പോലീസ് കേസെടുത്തു.