Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടൂറിസ്റ്റ് വിസ നിയമാവലി രണ്ടു മാസത്തിനകം

റിയാദ് - ടൂറിസ്റ്റ് വിസ നിയമാവലി രണ്ടു മാസത്തികം പ്രഖ്യാപിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് അറിയിച്ചു. ഈ വർഷം അവസാന പാദത്തിൽ ടൂറിസ്റ്റ് വിസ വിശദാംശങ്ങളും നിയമാവലിയും പരസ്യപ്പെടുത്തും. ടൂറിസ്റ്റ് വിസ വ്യവസ്ഥകളുമായും ഏതെല്ലാം രാജ്യക്കാർക്കാണ് വിസ അനുവദിക്കുകയെന്നും മറ്റും ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ല. അന്തിമമായി അംഗീകരിക്കുകയോ തീർപ്പ് കൽപിക്കുകയോ ചെയ്യാത്ത ചർച്ചകളെയും വിശകലനങ്ങളെയും അവലംബിച്ചാണ് ഇത്തരം റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. 
ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി ഏകോപനം നടത്തി ടൂറിസ്റ്റ് വിസകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ അംഗീകരിക്കുന്നതിനുള്ള സംയുക്ത സംഘത്തിൽ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും പ്രതിനിധികളാണ്. സംയുക്ത സംഘം അംഗീകരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് വിസ നിയമാവലി പ്രഖ്യാപിക്കുക. ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ, നിയമാവലി, മറ്റു വിശദാംശങ്ങൾ എന്നിവയെല്ലാം ഈ വർഷം ആദ്യ പാദം അവസാനിക്കുന്നതിനു മുമ്പായി പ്രഖ്യാപിക്കും. ഇവ ഔദ്യോഗിക ഗസറ്റിലും കമ്മീഷൻ വെബ്‌സൈറ്റിലും പരസ്യപ്പെടുത്തും. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട അന്തിമ വ്യവസ്ഥകളും വിശദാംശങ്ങളും പങ്കാളികളുമായി ചേർന്ന് തയാറാക്കിവരികയാണ്. വിസ അനുവദിക്കുന്നതിനും ടൂറിസ്റ്റുകളെ സേവിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സുസജ്ജത ഉറപ്പു വരുത്തുന്നുണ്ട്. തുടക്കത്തിൽ ടൂർ ഓപറേറ്റർമാർ വഴി ഗ്രൂപ്പുകൾക്ക് ഇ-വിസകളാണ് അനുവദിക്കുകയെന്നും അതോറിറ്റി പറഞ്ഞു. 
വനിതകൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുപ്പതു വയസ്സിൽ കുറവ് പ്രായമുള്ള വനിതകൾക്ക് അടുത്ത ബന്ധുവിന് (മഹ്‌റം) ഒപ്പമല്ലാതെ വിസ അനുവദിക്കില്ല. ടൂറിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാണ് വിസ ഇവർക്ക് അനുവദിക്കുക. മുപ്പതു വയസ്സിൽ കൂടുതൽ പ്രായമുള്ള വനിതകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് മഹ്‌റം ഒപ്പമുണ്ടാകണമെന്ന് വ്യവസ്ഥയില്ല. എന്നാൽ ഇവർക്കും ഗ്രൂപ്പിന്റെ ഭാഗമായാണ് വിസ അനുവദിക്കുക.  ചുരുങ്ങിയത് നാലു പേരെങ്കിലും ഉള്ള ഗ്രൂപ്പുകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. സൗദി അറേബ്യ ഒറ്റക്ക് സന്ദർശിക്കുന്നതിന് വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 
അംഗീകൃത വിദേശ ടൂർ ഓപറേറ്റമാർരും സൗദിയിൽ ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാരും സഹകരിച്ചാണ് വിദേശ വിനോദ സഞ്ചാരികൾക്കുള്ള യാത്രകൾ സംഘടിപ്പിക്കേണ്ടത്. വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദർശിക്കുന്ന പ്രദേശങ്ങൾ, സഞ്ചരിക്കുന്ന റൂട്ടുകൾ, സമയക്രമം എന്നിവയെല്ലാം മുൻകൂട്ടി ഓൺലൈൻ വഴി സമർപ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയും മറ്റു വ്യവസ്ഥകൾ പാലിച്ചുമാണ് ഗ്രൂപ്പുകൾക്ക് വിസകൾ അനുവദിക്കുക. 
സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് അനുമതി നൽകുന്ന പ്രദേശങ്ങളിലും പ്രവിശ്യകളിലും മാത്രം സന്ദർശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകൾക്ക് അനുവാദമുണ്ടാവുക. അമുസ്‌ലിംകൾക്ക് വിലക്കുള്ള മക്കയും മദീനയും ഗ്രൂപ്പുകളുടെ സന്ദർശന പദ്ധതിയിൽ ഉൾപ്പെടുത്താൻ പാടില്ല. സൗദിയിലെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇസ്‌ലാമിക മൂല്യങ്ങളും വിദേശ ടൂറിസ്റ്റുകൾ മാനിക്കൽ നിർബന്ധമാണ്. ഇക്കാര്യം സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പായി ടൂറിസ്റ്റുകളെ ടൂർ ഓപറേറ്റർമാർ അറിയിച്ചിരിക്കണം. യൂറോപ്പിലെ ഷെൻഗൻ വിസാ മേഖലയിൽ പെട്ട 25 രാജ്യങ്ങൾ, ഉത്തര, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിങ്കപ്പൂർ, മലേഷ്യ, ബ്രൂണൈ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

 

Latest News