- സർവീസസിനെ അട്ടിമറിച്ച് കർണാടകയും യോഗ്യത നേടി
ബംഗളൂരു - പൊരുതിക്കളിച്ച തമിഴ്‌നാടിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ മുഖ്യ റൗണ്ടിലേക്ക് യോഗ്യത നേടി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ബി-യിൽ തമിഴ്‌നാടിനെ ഗോൾവ്യത്യാസത്തിൽ മറികടന്നാണ് കേരളം യോഗ്യത ഉറപ്പിച്ചത്. ഇരു ടീമുകൾക്കും ഏഴ് പോയന്റ് വീതമാണ്. ഗ്രൂപ്പ് എ-യിൽ നിന്ന് മുൻ ചാമ്പ്യന്മാരായ സർവീസസിനെ അട്ടിമറിച്ച് കർണാടക യോഗ്യത നേടി.
മറ്റു മേഖലകളിൽനിന്ന് നിലവിലെ റണ്ണേഴ്‌സ്അപ് ഗോവ, മഹാരാഷ്ട്ര, മിസോറം, മണിപ്പൂർ ടീമുകളും ഫൈനൽ റൗണ്ടിലെത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലാ യോഗ്യതാ റൗണ്ട് പട്‌നയിൽ അടുത്തയാഴ്ചയാണ്.
ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ 7-0 ന് തോൽപിച്ചത് കേരളത്തിന് തുണയായി. ഒരു ഗോൾ വ്യത്യാസത്തിൽ ആന്ധ്രയെ തോൽപിക്കാനേ തമിഴ്‌നാടിന് സാധിച്ചുള്ളൂ. തമിഴ്‌നാടിനെതിരെ നിറംകെട്ട പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. വിജയം അനിവാര്യമായിരുന്ന തമിഴ്‌നാട് പൊരുതിക്കളിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. കേരളത്തിന് കിട്ടിയ ഏതാനും അവസരങ്ങളിൽ കെ. അഫ്ദാലിനും ജിതിൻ എം.എസിനും ലക്ഷ്യം പിഴച്ചു.
ആതിഥേയരായ കർണാടക 4-1 നാണ് സർവീസസിനെ അട്ടിമറിച്ചത്. സ്‌ട്രൈക്കർ എസ്. രാജേഷ് രണ്ടു ഗോൾ നേടി. രാജേഷാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. അണ്ടർ-21 കളിക്കാരൻ എസ്.കെ. അസറുദ്ദീൻ, എൻ. സോളൈമലൈ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ലയ്ഷ്‌റാം ഹീറോജിത് സർവീസസിന്റെ ഏക ഗോളടിച്ചു. ഏതാനും വർഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടാനായതിൽ സന്തോഷമുണ്ടെന്ന് കർണാടക ക്യാപ്റ്റൻ ഗുണശേഖർ പറഞ്ഞു.
അവസാന യോഗ്യതാ മത്സരത്തിൽ കർണാടകക്ക് സമനില മതിയായിരുന്നു. സർവീസസ് തുടക്കം മുതൽ ആക്രമിച്ചു. മധ്യനിരയിൽ അധ്വാനിച്ചു കളിച്ച പ്രബ്‌ജോത് സിംഗ് നിരന്തരം ബോക്‌സിലേക്ക് പന്തെത്തിച്ചെങ്കിലും സ്‌ട്രൈക്കർമാർക്ക് അവസരത്തിനൊത്തുയരാനായില്ല. പത്താം മിനിറ്റിൽ പെനാൽട്ടിയിൽ നിന്ന് കർണാടക മുന്നിലെത്തി. അസറുദ്ദീനെ പ്രബ്‌ജോത് വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി. അസറുദ്ദീൻ തന്നെ കിക്കെടുത്തു. രണ്ടാം പകുതിയിലായിരുന്നു കർണാടകയുടെ മൂന്നു ഗോളുകൾ.